ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ദലിത് പെണ്‍കുട്ടിയെ കൊന്ന സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധത്തിലാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ആ അനുമതി ലഭിക്കാന്‍ കാരണം ഒരു മാധ്യമപ്രവര്‍ത്തകയാണ്. തന്നെ തടയുന്ന പൊലീസുകാരെ ചോദ്യം ചെയ്യുന്ന ആ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ വൈറലാണ് സോഷ്യല്‍മീഡിയയില്‍. പ്രതിമ മിശ്ര, എബിപി ന്യൂസിലെ സീനിയര്‍ കറസ്പോണ്ടന്റ് ആണവര്.
മുംബൈയിലാണ് ജനിച്ചതെങ്കിലും ഡല്‍ഹിയില്‍ സെറ്റില്‍ഡാണ് ഇപ്പോള്‍ പ്രതിമ മിശ്ര. എബിപി ചാനലിലെ ‘നമസ്തേ ഭാരത്’ എന്ന പരിപാടിയുടെ അവതാരകയായിരുന്നു അവര്‍. ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ വാര്‍ത്ത എബിപി ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തതും പ്രതിമയായിരുന്നു. കശ്മീര്‍ പ്രളയവും ഐപിഎല്ലും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള രാംനാഥ് ഗോയങ്കെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് പ്രതിമയ്ക്ക്. 2012 ലാണ് അവര്‍ എബിപി ന്യൂസിന്റെ ഭാഗമാകുന്നത്. ഡല്‍ഹി മഹാരാജ അഗ്രസെന്‍ കോളേജില്‍ നിന്നാണ് പ്രതിമ ജേര്‍ണലിസം ബിരുദം കരസ്ഥമാക്കുന്നത്.
