മതത്തിന്‍റെയും ജാതിയുടെയും പേരില്‍ സമൂഹത്തെ വിഭജിക്കുന്നവരെ തിരിച്ചറിയണം -യോഗി

ലഖ്നോ: മതത്തിന്‍റെയും ജാതിയുടെയും പ്രദേശത്തിന്‍റെയും പേരില്‍ സമൂഹത്തെ വിഭജിക്കുന്നവര്‍ അത് ഇപ്പോഴും തുടരുകയാണെന്ന് യു.പി മുഖ്യമന്ത്രി ‍യോഗി ആദിത്യനാഥ്. ഇത്തരക്കാരെ തിരിച്ചറിയണം. അവര്‍ക്ക് വികസനങ്ങളെ കാണാന്‍ കഴിയില്ല. അതിനാല്‍, പുതിയ ഗൂഢാലോചനകളുമായി വരികയാണ്. മരിച്ചയാളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെയും തിരിച്ചറിയണമെന്ന് യോഗി പറഞ്ഞു.

ഏതെങ്കിലും മതത്തിനോ ജാതിക്കോ വേണ്ടിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും വികസനവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും യോഗി പറഞ്ഞു.

ബി.ജെ.പിയുടെ എതിരാളികള്‍ ഹാഥ്റസ് കൊലപാതകത്തിന്‍റെ മറവില്‍ വര്‍ഗീയ കലാപത്തിന് കളമൊരുക്കുകയാണെന്ന് യോഗി നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ടപോലെ കൈകാര്യം ചെയ്യുമെന്നും യോഗി പറഞ്ഞു.

‘കോവിഡ് വ്യാപന’ത്തിനു ശ്രമിച്ച തബ്ലീഗ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്‌തെന്ന കാര്യം ആരും മറക്കരുത്. അവരെ വേണ്ടവിധം കൈകാര്യം ചെയ്തു. സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആരെയും പ്രീതിപ്പെടുത്താനില്ലെന്നും യോഗി പറഞ്ഞു.

ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പാതിരാത്രിയില്‍ വീട്ടുകാരുടെ അനുവാദം പോലും കൂടാതെ യു.പി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് സഹായം നല്‍കുകയാണെന്ന് വ്യക്തമായിരുന്നു. മാധ്യമപ്രവര്‍ത്തകരെയോ രാഷ്ട്രീയ നേതാക്കളെയോ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ യു.പി സര്‍ക്കാര്‍ തയാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *