ലീലയും കുടുംബവും രാഹുല്‍ ഭവനത്തിന്റെ തണലില്‍

നിലമ്പൂര്‍: സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് വീടു ലഭിക്കാത്തതിനെ തുടര്‍ന്ന് അരക്ഷിതയായി കഴിഞ്ഞിരുന്ന മംഗലക്കോടന്‍ ലീലക്ക് രാഹുല്‍ഗാന്ധിയുടെ ജന്‍മദിന സമ്മാനമായി നിര്‍മ്മിച്ച രാഹുല്‍ഭവന്‍ കൈമാറി. സംസ്‌ക്കാരസാഹിതിയും അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്ന് നിര്‍മ്മിച്ച രാഹുല്‍ ഭവന്‍ ഉദ്ഘാടന ചടങ്ങ് രാഹുല്‍ഗാന്ധി എം.പി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരും കര്‍ഷകരും ദലിതരും ഇന്ത്യയില്‍ ഭയപ്പാടോടെയാണ് കഴിയുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനംതേടിയുള്ള സമരത്തിനാണ് കോണ്‍ഗ്രസ് തുടക്കംകുറിക്കുന്നതെന്നും വ്യക്തമാക്കി. ലീലക്ക് വീട് നിര്‍മ്മിച്ചു നല്‍കിയതിന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ആര്യാടന്‍ ഷൗക്കത്തും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും ചേര്‍ന്നാണ് രാഹുല്‍ഭനത്തിന്റെ താക്കോല്‍ ലീലക്ക് കൈമാറിയത്.
ലീലയോട് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ഇനി കേരളത്തിലെത്തുമ്പോള്‍ വീട്ടിലെത്താമെന്ന ഉറപ്പും നല്‍കി. ഉദ്്ഘാടന ചടങ്ങില്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സന്ദേശം നല്‍കി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, എന്‍.എ കരീം, അമരമ്പലം മണ്ഡലം പ്രസിഡന്റ് കേമ്പില്‍ രവി, അന്‍വര്‍ വള്ളിക്കാടന്‍, നാസര്‍ബാന്‍, സാദിഖ് നീലാമ്പ്ര, കെ.എം സുബൈര്‍, വി.കെ ബാലസുബ്രഹ്‌മണ്യന്‍, ജോബിന്‍ തോമസ് പ്രസംഗിച്ചു. ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാജേന്ദ്രകുമാര്‍, പി.പി മിനി എന്നിവര്‍ക്ക് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് കോണ്‍ഗ്രസിന്റെ അംഗത്വം നല്‍കി.
അമരമ്പലം പഞ്ചായത്തിലെ വേങ്ങാപ്പരതയിലെ ദലിത് കുടുംബത്തില്‍പെട്ട വിധവയായ ലീലയുടെ ഓടുമേഞ്ഞ വീട് ചോര്‍ന്നൊലിച്ച് തകര്‍ച്ചയുടെ വക്കിലായിരുന്നു. പുതിയ വീടിനായി പഞ്ചായത്തംഗത്തെയും അധികൃതരെയും കണ്ടപ്പോള്‍ ലീലയുടെ രാഷ്ട്രീയമായിരുന്നു വീട് നിര്‍മ്മാണ പദ്ധതി അനുവദിക്കുന്നതില്‍ തടസമായി ഇവര്‍ കണ്ടത്. സര്‍ക്കാരിന്റെ മുന്‍ഗണനാ മാനദണ്ഡങ്ങളെല്ലാം അനുകൂലമായിട്ടും വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ ലീലക്ക് വീട് നിഷേധിക്കപ്പെട്ടു. വീടിനു വേണ്ടി രാഷ്ട്രീയം മാറാന്‍ ലീല തയ്യാറായതുമില്ല. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചന്ദ്രന്റെ ഭാര്യയാണ് ലീല. ചന്ദ്രന്‍ മരിച്ചതോടെ ഏക മകന്‍ അജിത്തിനൊപ്പം വീഴാറായ വീട്ടില്‍ തനിച്ചായി. ലീലയുടെ ദുരിതമറിഞ്ഞതോടെയാണ് തകര്‍ച്ചയിലായ വീട് പൊളിച്ച് പുതിയ വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ലീലക്ക് ഉറപ്പു നല്‍കിയത്. മൂന്നു മാസംകൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *