ഉംറ പുനഃരാരംഭം; രണ്ടാംഘട്ടത്തില്‍ 250,000 തീര്‍ത്ഥാടകര്‍ക്ക് അനുമതി

മക്ക: കൊവിഡ് പ്രതിസന്ധിക്കിടെ ശക്തമായ ആരോഗ്യ മുന്‍കരുതലുമായി പുനഃരാരംഭിച്ച ഉംറ തീര്‍ത്ഥാടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ 250,000 തീര്ഥാടകര്‍ക്കായിരിക്കും അനുമതി നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പതിനെട്ടാം തിയ്യതി മുതല്‍ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിലും സഊദിക്കകത്തുള്ള സ്വദേശി വിദേശി തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുമതി. ഒക്‌ടോബര്‍ നാലിന് പുനഃരാരംഭിച്ച ഉംറ തീര്‍ത്ഥാടനം ദിവസങ്ങള്‍ പിന്നിടുമ്ബോഴും ശക്തമായ ആരോഗ്യ മുന്‍കരുതല്‍ ഫലമായി തീര്ഥാടകരില്‍ ഇത് വരെ ആരോഗ്യ പ്രശ്‌നങ്ങളോ വൈറസ് ബാധയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നത് ഹജ്ജ്, ഉംറ മന്ത്രാലയത്തെയും ഇരു ഹറം കാര്യാലയ വകുപ്പുകളെയും ഏറെ ആശ്വാസത്തിലാക്കുന്നുണ്ട്.

ഉംറ തീര്‍ഥാടനം ഘട്ടം ഘട്ടമായി പൂര്‍വ്വസ്ഥിതിയിലെത്തുകയുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടം ഒക്‌ടോബര്‍ പതിനെട്ടിനാണ് ആരംഭിക്കുക. വിശുദ്ധ റൗദയിലേക്കും പ്രവാചക ഖബര്‍ സന്ദര്‍ശനത്തിനും ഒക്‌ടോബര്‍ പതിനെട്ട് മുതല്‍ അനുവാദം നല്‍കുമെന്നും സഊദി ഹജ്ജ്, ഉംറ കമ്മിറ്റി മെമ്ബര്‍ ഹാനി അല്‍ ഉമൈരി അറിയിച്ചു. ഇതോടൊപ്പം മസ്‌ജിദുന്നബവിയുടെ പഴയ ഭാഗങ്ങളിലേക്കും പ്രവേശനം അനുവദിക്കും. ആറു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ത്ഥനക്ക് അനുവാദം നല്‍കും. ‘ഇഅ്തമര്‍നാ’ ഉംറ മൊബൈല്‍ ആപ് വഴിയായിരിക്കും പ്രവേശനം അനുവദിക്കുക. ഈ ഘട്ടത്തില്‍ തന്നെയാണ് വിശുദ്ധ റൗദ സന്ദര്‍ശനവും അനുവദിക്കുകയെന്നും അദ്ദേഹം ഉണര്‍ത്തി.

രണ്ടാം ഘട്ടത്തില്‍ ദിനം പ്രതി പതിനയ്യായിരം ഉംറ തീര്‍ത്ഥാടകരെയും നാല്‍പതിനായിരം ഹറം സന്ദര്‍ശകരെയും അനുവദിക്കും. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീര്‍ത്ഥാടകരെ അനുവദിക്കുക. ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുമതിയുണ്ടാകുകയെന്നതിനെ കുറിച്ച്‌ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. നിലവില്‍ ദിനംപ്രതി അഞ്ഞൂറ് ഗ്രൂപ്പടങ്ങുന്ന തീര്‍ത്ഥാടകരുമായി ആറായിരം പേര്‍ക്കാണ് അനുമതി നല്‍കുന്നത്. ഓരോ സംഘവും ഉംറ കഴിഞ്ഞു പുറത്തിറങ്ങുമ്ബോള്‍ ഹറം പള്ളി പൂര്‍ണ്ണമായും അണുനശീകരണം ചെയ്‌താണ്‌ അടുത്ത സംഘത്തെ പ്രവേശിപ്പിക്കുന്നത്. ഇത്തരത്തില്‍ ദിനം പ്രതി പത്ത് തവണയാണ് അണുനശീകരണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *