കോഴിക്കോട്: മുന്നാക്ക സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി വിഭാഗം രംഗത്ത്. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നുവെന്നാണ് എ.പി വിഭാഗത്തിന്റെ വിമര്‍ശനം. സവര്‍ണ താത്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗം തങ്ങളുടെ മുഖപത്രത്തിലൂടെ വിമര്‍ശനം ഉന്നയിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. മറ്റ് സമുദായ സംഘടനകള്‍ക്ക് ഒപ്പം കാന്തപുരം വിഭാഗം കൂടെ സംവരണത്തിനെതിരെ രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തങ്ങള്‍ക്ക് അനുകൂലമാണെങ്കിലും സംവരണത്തെ പൂര്‍ണമായും അനുകൂലിക്കുന്ന നിലപാടല്ല എന്‍.എസ്.എസും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പടെയുളള സംഘടനകള്‍ സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയില്‍ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.
