മെഡിക്കല്‍ കോളജില്‍ കോവിഡ്​ ഇതര ചികിത്സ കാര്യക്ഷമമാക്കണമെന്ന് മന്ത്രി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡേതര രോഗികളുടെ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. കോളജ് മേധാവികളോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സ കോവിഡ് രോഗികളില്‍ മാത്രമായി ഒതുങ്ങുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

കോവിഡ്‌ പ്രവര്‍ത്തന അവലോകനയോഗത്തിലായിരുന്നു മന്ത്രി കെ.കെ.ശൈലജ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. ഞായറാഴ്ച രാവിലെ 10.30ന്‌ ആരംഭിച്ച യോഗം രണ്ടരമണിക്കൂറിലേറെ സമയം നീണ്ടുനിന്നു. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ കോവിഡ്‌ ട്രയാജിലെത്തുന്ന രോഗികള്‍ മുതല്‍ അഡ്മിഷന്‍, തുടര്‍ന്നുള്ള ചികിത്സവരെ യോഗത്തി െന്‍റ വിഷയമായി.നിലവില്‍ കോവിഡ്‌ രോഗികളുടെ എണ്ണം ആശുപത്രിയില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനിയും വര്‍ധിച്ചാലും നേരിടാന്‍ പാകത്തിലുള്ള ജാഗ്രത കൈവിട്ടുകളയരുതെന്ന് മന്ത്രി നിര്‍ദേശിച്ചു.

കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ ഒരുക്കിയ വികസനമാറ്റങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കോവിഡ്‌ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളും ജീവനക്കാരും കര്‍ശനമായി പാലിക്കണമെന്നും വിട്ടുവീഴ്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ കോവിഡ് -കോവിഡേതര ചികിത്സാ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി, ഉറക്കമൊഴിച്ചുള്‍പ്പടെ കഠിനപ്രയത്നം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. അങ്ങേയറ്റം പരിശ്രമിച്ച്‌​ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്റര്‍ ചികിത്സ വേണ്ടിവന്ന പരമാവധി രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി സാധിച്ചിട്ടുണ്ട്‌. അത്‌ തുടരണം. കോവിഡ് പോസിറ്റിവ് ഗര്‍ഭിണികളുടെ ചികിത്സയിലുണ്ടാക്കിയ നേട്ടങ്ങളെ ശ്ലാഘിച്ചു. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി അഡ്വ. പി. സന്തോഷ്‌, എച്ച്‌.എസ്‌.എ ജോയന്‍റ്​ ഡയറക്ടര്‍ ഡോ. ബിജോയി, ഡി.പി.എം ഡോ. പി.കെ. അനില്‍ കുമാര്‍, മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.കെ.എം. കുര്യാക്കോസ്‌, വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ.എസ്.‌ രാജീവ്‌, ആശുപത്രി സൂപ്രണ്ട്‌ ഡോ. കെ. സുദീപ്‌, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ.ഡി.കെ. മനോജ്‌, ഡോ.വിമല്‍ റോഹന്‍, ആര്‍.എം.ഒ ഡോ. എസ്.ആര്‍. സരിന്‍, പീഡ്‌ സെല്‍ നോഡല്‍ ഓഫിസര്‍ ഡോ. എ.കെ. ജയശ്രീ, ഡോ.കെ.വി. പ്രമോദ്‌, ഡോ.എം.വി .ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *