പന്തളം: സി.പി.എമ്മും ചില മാഫിയകളും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കുമ്മനം രാജശേഖരന് ആരോപിക്കുകയുണ്ടായി. പന്തളത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആറന്മുള പൊലീസ് കേസെടുത്തിട്ട് 12 ദിവസത്തോളം കഴിഞ്ഞിട്ട് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കരിനെ അറസ്റ്റ് ചെയ്യുന്ന ദിവസം തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്.
പരാതിക്കാരാനായ ഹരികൃഷ്ണനെയും സി.പി.എം ഇതിനായി ഉപയോഗിച്ചു. സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങള്‍ നടത്തിവരുന്നത്. കേരളാ പൊലീസ് ദുഷ്ട ലാക്കോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരെ പൊലീസ് എഫ്.ഐ.ആര് എടുത്തപ്പോള്‍ ഒരു വിശദീകരണവും ചോദിച്ചില്ല. എഫ്.ഐ.ആര് ഇടുന്നതിന് മുമ്ബും പിന്‍പും ഉള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധനാ വിധേയമാക്കണം. നിയമ നടപടിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
