തിരുവനന്തപുരം: മലങ്കരയുടെ ഇരുപത്തിരണ്ടാം മെത്രാപ്പോലീത്താ ആയി സ്ഥാനാരോഹിതനാകുന്ന ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകള്‍ നേര്‍ന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ എന്നും അഭിവന്ദ്യ തിരുമേനി നെഞ്ചോട് ചേര്‍ത്തു പിടിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
”മുന്‍വിധികളില്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം അങ്ങനെ തിരുമേനിയുടെ പ്രവൃത്തികളിലൂടെ സമൂഹത്തിനാകെ വെളിവായിട്ടുണ്ട്. ആദിവാസികളെയും, ഭൂരഹിതരെയും, ഭവനരഹിതരെയും, ബധിരരെയും, മാനസികരോഗികളെയും, എയ്ഡ്സ് രോഗികളെയും ഒക്കെ തിരുമേനി തന്റെ ശുശ്രൂഷാ കാലയളവിലുടനീളം പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ വിവാഹ ധനസഹായം, പഠന സഹായം, വൈദ്യ സഹായം എന്നിവ നല്കി പാവപ്പെട്ടവരെ കരുതാനും അങ്ങനെ മിഷന് പ്രവര്‍ത്തനങ്ങല്‍ക്ക് പുതിയ മാനം നല്‍കാനും തിരുമേനിക്ക് കഴിഞ്ഞിട്ടുണ്ട്. ”- എന്ന് മുഖ്യമന്ത്രി കുറിച്ചു.
