ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സിപിഐയോട് ഏറ്റുമുട്ടാന്‍ ജോസ് വിഭാഗം വളര്‍ന്നിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തര്‍ക്കം രൂക്ഷമാക്കിയത്.
കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഐഎം-സിപിഐ ഉഭയകക്ഷി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആകെ 22 സീറ്റുള്ള ജില്ലാ പഞ്ചായത്തില്‍ 13 സീറ്റുകളാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐഎമ്മും സിപിഐയും പറയുന്നത്.
ജോസ് വിഭാഗത്തിന് ഒന്‍പത് സീറ്റ് നല്‍കാം. ബാക്കി ഒന്‍പത് സീറ്റുകളില്‍ സിപിഐഎമ്മും നാല് സീറ്റുകളില്‍ സിപിഐയും മത്സരിക്കട്ടെയെന്നാണ് സിപിഐഎം മുന്നോട്ടുവച്ച നിര്‍ദേശം. എന്നാല്‍ ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതോടെ കോട്ടയം സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
