കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ. മുരളീധരന് എംപി.
കല്ലാമലയിലെ വിമത സ്ഥാനാര്‍ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് മുരളീധരന് പ്രചാരണത്തില്‍നിന്നും വിട്ടുനില്‍ക്കുന്നത്. പ്രാദേശിക തലത്തിലെ തീരുമാനങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നാടുകൂടിയാണ് കല്ലാമല ഡിവിഷന്. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് വിമത സ്ഥാനാര്‍ഥിയായ ജയകുമാര്‍ മത്സരിക്കുന്നതെന്നാണ് ആരോപണം.
യുഡിഎഫും ആര്‍എംപിയും ജനകീയ മുന്നണിയായാണ് വടകരയില്‍ മത്സരിക്കുന്നത്. വടകര നഗരസഭയിലും ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തിലുമാണ് യുഡിഎഫ് ആര്‍എംപി സഖ്യമുള്ളത്.
മുന്നണി തീരുമാനപ്രകാരം ആര്‍എംപിയുടെ ഏരിയ കമ്മറ്റിയംഗം സുഗതനാണ് കല്ലാമലയില്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥി. എന്നാല്‍ സുഗതനെതിരെ വിമതനായി കോണ്‍ഗ്രസിന്റെ ജയകുമാര്‍ മത്സരത്തിനിറങ്ങി. ഒടുവില്‍ വിമതന് കൈപ്പത്തി ചിഹ്നവും അനുവദിച്ചു. ഇതോടെയാണ് മുരളീധരന് പ്രത്യക്ഷ പ്രതിഷേദവുമായി രംഗത്തെത്തിയത്.
