സൗദിയിലെ പള്ളികളില്‍ പൂര്‍ണമായും സ്വദേശി പൗരന്മാരായ ഇമാമുമാരെ നിയമിക്കുന്നു.

റിയാദ് : സൗദിയിലെ പള്ളികളില്‍ പൂര്‍ണമായും സ്വദേശി പൗരന്മാരായ ഇമാമുമാരെ നിയമിക്കുന്നു. പള്ളികളിലെ പ്രഭാഷണങ്ങളിലും നോട്ടീസ് വിതരണങ്ങളിലും സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പിലാക്കും. ഇതിനായി ഇസ്‌ലാമിക കാര്യ മന്ത്രാലയവും മുനിസിപ്പല്‍ മന്ത്രാലയവും ചേര്‍ന്ന് പദ്ധതി തയ്യാറാക്കും.

പള്ളികളില്‍ ഓരോ വെള്ളിയാഴ്ചയും നടത്തുന്ന ഖുതുബകളുടെ വിഷയം നേരത്തെ ഏകീകരിച്ചിരുന്നു. ഈ വിഷയങ്ങളില്‍ ഊന്നി മാത്രമേ ഇമാമുമാര്‍ സംസാരിക്കാന്‍ പാടുള്ളൂ. ഇത് നിരീക്ഷിക്കാന്‍ റെക്കോര്‍ഡിങ് സംവിധാനവുമുണ്ട്. തീവ്ര ചിന്താഗതികള്‍ പ്രഭാഷണത്തിലൂടെ സംഭവിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ക്രമീകരണം കൊണ്ടുവന്നത്.

രാജ്യത്തെ പള്ളികളില്‍ വിശുദ്ധ ഖുര്‍ആന്‍ ഒഴികെയുള്ള പുസ്തകങ്ങള്‍ വെക്കുന്നതിനും നിയന്ത്രണമുണ്ട്. നോട്ടീസ് വിതരണവും വെള്ളിയാഴ്ച ഖുത്ബക്ക് ശേഷമുള്ള വിവിധ പ്രഭാഷണങ്ങള്‍ക്കും നിയന്ത്രണം കൊണ്ടു വരും. രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ക്രമീകരണങ്ങള്‍.

അതേസമയം സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളില്‍ ഭൂരിഭാഗവും സ്വദേശികളാണ്. എന്നാല്‍ ചില കച്ചവട കേന്ദ്രങ്ങളിലും സ്ഥാപനങ്ങളോട് ചേര്‍ന്നുമുള്ള പള്ളികളില്‍ ഇമാമുമാരായി വിദേശികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *