സ്വപ്‌നയ്‌ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സര്‍ക്കാരാണ്. സ്വര്‍ണക്കടത്ത് അട്ടിമറിക്കാനുളള നീക്കം ഗൗരവത്തോടെ കേന്ദ്ര ഏജന്‍സികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട്. എയിംസിലെ വിദഗ്ദ്ധ സംഘം രവീന്ദ്രന്റെ ആരോഗ്യ വിവരം പരിശോധിക്കണം. ചോദ്യം ചെയ്യാന്‍ വിളിക്കുമ്ബോള്‍ മാത്രം രോഗം വരുന്ന പ്രത്യേകത സംശയിക്കേണ്ടിയിരിക്കുന്നു. രവീന്ദ്രന് സുരക്ഷിതത്വം ഏര്‍പ്പെടുത്തണം. അദ്ദേഹത്തിന്റെ ജീവന് പോലും അപകടമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആരാണ് റിവേഴ്‌സ് ഹവാലയിലെ ഉന്നതനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണ് ഭരണഘടനപദവി വഹിക്കുന്ന വ്യക്തിയെന്ന് ജനങ്ങള്‍ അറിയണം. ഞെട്ടിക്കുന്ന വസ്‌തുതയാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വാസ്‌തവത്തില്‍ സീല്‍ വച്ച കവറിലെ കാര്യങ്ങള്‍ വായിച്ചാല്‍ ജനങ്ങള്‍ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയ്‌ക്ക് ജനങ്ങളോട് ഭയമാണ്. രണ്ട്, മൂന്ന് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും യു ഡി എഫിന് ജനപിന്തുണയുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *