കാമുകന്റെ വിവാഹത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഫാത്തിമാ സുഹറ; അഷ്‌ക്കറലി റിമാന്‍ഡില്‍

മലപ്പുറം: മുന്നിയൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ആലിന്‍ചുവട് സ്വദേശിയായ ഫാത്തിമയുടെ മരണത്തില്‍ കാമുകനായ അഷ്‌ക്കറലിക്കു പങ്കുണ്ടെന്നാണ് യുവതിയുടെ മാതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതി അഷ്‌ക്കറലിയെ കോടതി റിമാന്‍ഡ് ചെയ്തു.

ആറു വര്‍ഷത്തോളമായി ഫാത്തിമ സുഹറ മുന്നിയൂര്‍ സ്വദേശി അഷ്‌ക്കറലിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു വിവാഹാലോചനയുടെ പേരുപറഞ്ഞ് ഫാത്തിമയുമായുള്ള ബന്ധത്തില്‍നിന്ന് അഷ്‌ക്കറലി പിന്മാറി. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

കഴിഞ്ഞയാഴ്ച അഷ്‌ക്കര്‍ മറ്റൊരു വിവാഹം കഴിച്ചതോടെ ഇരുപത്തിയൊന്നുകാരിയായ ഫാത്തിമ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഫാത്തിമയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യുവതിക്ക് ലഹരിമരുന്ന് നല്‍കിയിരുന്നതായും ബന്ധത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പരാതിപ്പെടുന്നു.

ആത്മഹത്യാപ്രേരണ കുറ്റമടക്കം ചുമത്തി അറസ്റ്റുചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നു തിരൂരങ്ങാടി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *