സംസ്ഥാനത്തെ മുന്നണികളില്‍ ഇത് ശുദ്ധികലശത്തിന്‍്റെ സമയമാണെന്നും വരുന്ന ദിവസങ്ങളില്‍ മുന്നണികളില്‍ പുതിയ കക്ഷികളുടെ വരവും പോക്കും ആവര്‍ത്തിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എന്‍.സി.പിയുടെ മുന്നണി മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലീഗ് നേതാവ്. മാറ്റങ്ങള്‍ വരുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ കുഞ്ഞാലിക്കുട്ടി, നിങ്ങള്‍ ഞെട്ടാന്‍ പോവുകയാണെന്നും വ്യക്തമാക്കി.
അതേസമയം, മുന്നണിയിലേക്ക് പോവുകയും വരികയും ചെയ്യുന്ന കക്ഷികള്‍ ഏതെന്ന് പറയാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. സംവരണ വിഷയത്തിലുള്‍പ്പെടെ കോണ്‍ഗ്രസുമായി ഭിന്നമായ നിലപാട് ലീഗ് പുലര്‍ത്തുന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇടതു മുന്നണിയില്‍ സി.പി.എമ്മിന്‍്റെ സീറ്റുകളെല്ലാം പിടിച്ചെടുക്കാനുള്ള നിലപാടില്‍ സി.പി.ഐയുടെ അസംതൃപ്തിയും തുടരുകയാണ്. നേരത്തെ മത്സരിച്ച സീറ്റുകള്‍ മതിയെന്ന നിലപാട് സ്വീകരിച്ചെങ്കിലും തങ്ങള്‍ ജയിച്ച സീറ്റുകളില്‍ അവകാശവാദമുന്നയിക്കാന്‍ സി.പി.എം ശ്രമിച്ചാല്‍ വഴങ്ങേണ്ടതില്ലെന്നാണ് സി.പി.ഐയുടെ അപ്രഖ്യാപിത തീരുമാനം.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയില്‍ വന്നതോടെ സി.പി.എം നിലപാട് തങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായിട്ടുണ്ടെന്ന പൊതുവികാരം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ ഒരു വിഭാഗം ഉന്നയിച്ചതാണറിവ്. ഈ നിലപാട് എല്‍.ഡി.എഫിനകത്തെ മറ്റു കക്ഷികളിലും സജീവമായിട്ടുണ്ട്. എല്‍.ഡി.എഫിലേക്ക് വന്ന സാഹചര്യത്തില്‍ നിന്നും ഏറെ മാറിയാണ് കാര്യങ്ങളുടെ പോക്കെന്ന് ലോക് താന്ത്രിക് ജനതാദളിലും ചിലര്‍ സൂചന നല്കിയിട്ടുണ്ട്. ദേവഗൗഡ നേതൃത്വം നല്കുന്ന ജനതാദളുമായി ലയിക്കാന്‍ സി.പി.എം സമ്മര്‍ദ്ദമുണ്ടായതില്‍ പാര്‍ട്ടിക്കകത്ത് നേരത്തെ ഈ വിഭാഗം ശക്തമായ വിയോജനം രേഖപ്പെടുത്തിയിരുന്നു.
സി.കെ. നാണു നേതൃത്വം നല്കുന്ന ജനതാദളി നോട് സി.പി.എം പുലര്‍ത്തുന്ന മമതക്കെതിരെ ശക്തമായ മുറുമുറുപ്പാണ് പാര്‍ട്ടിക്കുള്ളത്. തങ്ങള്‍ക്ക് യു.ഡി.എഫിലുണ്ടായിരുന്ന കാലത്ത് കിട്ടിയ സീറ്റുകള്‍ ഇപ്പോള്‍ നല്കണമെന്ന് എല്‍.ജെ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ മുന്നണിയിലില്ലാതിരുന്ന കക്ഷികള്‍ കൂടി വന്നതോടെ നിയമസഭാ സീറ്റിന്‍്റെ വിഭജനം എല്‍.ഡി.എഫില്‍ കീറാമുട്ടിയായി തുടരുന്ന സാഹചര്യത്തില്‍ അസംതൃപ്തരായവര്‍ പുറത്തു വന്നു കൂടായ്കയില്ല. യു.ഡി എഫിലാവട്ടെ കക്ഷികളുടെ എണ്ണം കഴിഞ്ഞ തവണത്തേതിലും കുറഞ്ഞെങ്കിലും കോണ്‍ഗ്രസിന്‍്റെ പ്രകടനത്തില്‍ ഘടകകക്ഷികള്‍ അസംതൃപ്തരാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍.ഡി.എഫില്‍ ജോസ് വിഭാഗത്തിനു കിട്ടുന്ന പരിഗണന തങ്ങള്‍ക്ക് യു.ഡി.എഫില്‍ കിട്ടുന്നില്ലെന്ന ആവലാതിയിലുമാണ്. എന്‍.ഡി.എയില്‍ നിന്നും ബി.ജെ.ഡി.എസ് പിളര്‍ന്നു വന്ന ഭാരതീയ ജനസേനക്ക് സീറ്റു നല്കാന്‍ തീരുമാനമായാല്‍ ചെറുകക്ഷികളുടെ അസംതൃപ്തി യു.ഡി.എഫില്‍ പുകയും. എന്‍.ഡി.എയിലാവട്ടെ ഘടകകക്ഷികള്‍ ആത്മവിശ്വാസമില്ലാത്ത നിലയിലുമാണ്. ഈ സാഹചര്യത്തില്‍ മുന്നണി സംവിധാനങ്ങള്‍ സംബന്ധിച്ച കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് ഏറെ പ്രാധാന്യമുണ്ട്.
നയങ്ങളിലും കക്ഷി ബന്ധങ്ങളിലും തുടരുന്ന അസംതൃപ്തി പുകയുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് – സി.പി.എം- ബി.ജെ.പി ഇതര കക്ഷികളിലെ അസംതൃപ്തരെ കൂട്ടിയോജിപ്പിച്ച് സി.പി.ഐയും മുസ്ലീം ലീഗും നേതൃത്വം നല്കുന്ന മുന്നണി കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവരുടെ സ്വപ്നമാണ്. ഈ സാഹചര്യം പൂവണിയുമോയെന്നാണ് ചോദ്യമുയരുന്നത്. മുന്നണി മാറ്റം ആഗ്രഹിക്കുന്ന കക്ഷികള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ ‘ഉത്തരവാദിത്വപ്പെട്ടവര്‍ വെളിപെടുത്തുമെന്ന ‘ഉത്തരം ഈ അടിയൊഴുക്കുകളിലൂന്നിയാണെന്നതാണ് ശ്രദ്ധേയം.
