അരിസോണ: വാലന്റൈന്‍സ് ദിനത്തില്‍ മുന്‍ കാമുകിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ തട്ടിക്കൊണ്ടുപോയ ആള്‍ അറസ്റ്റിലായി. അമേരിക്കയിലെ അരിസോണയ്ക്ക് അടുത്തുള്ള ഫീനിക്സിലാണ് സംഭവം. വാലന്‍റൈന്‍ ദിനത്തില്‍ യാത്ര പോകാനായി മുന്‍ കാമുകിയെ യുവാവ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇത് വിസമ്മതിച്ചതോടെയാണ് ഇസായ് കസ്പാര്‍ഡ് എന്ന യുവാവ് മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയത്.
ഫെബ്രുവരി 10നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാലന്‍റൈന്‍ ദിനത്തില്‍ തന്‍റെയൊപ്പം വരണമെന്ന് 20 കാരനായ ഇസായ് കസ്പാര്‍ഡ് തന്റെ മുന്‍ കാമുകിയെ വിളിച്ചു അറിയിച്ചു. എന്നാല്‍ താന്‍ വരില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. പിന്നീട് യുവതിയെ ഇസായ് കസ്പാര്‍ഡ് ബലം പ്രയോഗിച്ചു കൂട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ പൊലീസ് വിട്ടയച്ച ശേഷവും യുവതിയുടെ വീട്ടില്‍ വീണ്ടും എത്തിയ യുവാവ് പ്രണയ ദിനത്തില്‍ പുറത്തുപോകാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചോടെ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ചു കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്നപ്പോഴാണ് സംഭവം നടന്നത്. യുവതിയുടെ അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി യുവാവ് മുന്‍ കാമുകിയ കാറില്‍ കയറ്റി അതിവേഗം ഓടിച്ചു പോകുകയായിരുന്നു.
