കട്ടക്കലിപ്പില്‍ മുരളീധരന്‍; ചെന്നിത്തലയുടെ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

 കെ പി സി സി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ മുരളീധരനെ സജീവമായി രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍ഡിനോട് മുസ്ലീം ലീഗിന്റെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് മുരളീധരന് അതിയായ താത്പര്യമുണ്ടായിരുന്നു. അതിനിടെയാണ് സിറ്റിംഗ് എം പിമാരൊന്നും മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും തീരുമാനമെടുത്തത്. ഇതോടെ കടുത്ത നിരാശയിലാണ് അദ്ദേഹം.

മുരളീധരന്റെ പിണക്കം മാറ്റി തിരികെ കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവേശം കാണിച്ചെങ്കില്‍ ഇപ്പോള്‍ മുരളീധരന്‍ നിശബ്‌ദനാണ്. ജനപ്രീതിയില്‍ മലബാര്‍ മേഖലയില്‍ എല്ലാവരെക്കാളും മുരളീധരന്‍ മുന്നിലാണ്. അതുകൊണ്ട് അദ്ദേഹം ഇറങ്ങിയാല്‍ മാത്രമേ സി.പി.എമ്മിനെ നേരിടാനാവൂ എന്നാണ് ലീഗിന്റെ നിലപാട്.

വടകര മണ്ഡലത്തില്‍ മാത്രമേ പ്രചാരണത്തിന് ഇറങ്ങൂ എന്നാണ് മുരളീധരന്റെ തീരുമാനം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഇതോടെയാണ് അദ്ദേഹത്തിന് വേണ്ടി ലീഗ് തന്നെ കളത്തിലിറങ്ങിയത്. മലബാറില്‍ കെ മുരളീധരന്‍ പ്രചാരണ രംഗത്തില്ലെങ്കില്‍ യു ഡി എഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി അണികള്‍ക്ക് ഇത്രയേറെ ആവേശം പകരുന്ന നേതാവ് മലബാറില്‍ കോണ്‍ഗ്രസിന് വേറെയില്ലെന്നും ലീഗ് പറയുന്നു.

കോണ്‍ഗ്രസിനോട് കലിപ്പിലാണെങ്കിലും ലീഗിനോട് മുരളീധരന്‍ സൗഹൃദത്തിലാണ്. ഇ അഹമ്മദ് അനുസ്‌മരണത്തിന് അദ്ദേഹം എത്തുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കമുണ്ടായ കെ പി സി സിയുമായിട്ടുളള മുരളീധരന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശമുളളതിനാല്‍ തന്നെ പരസ്യ പ്രതികരണം നടത്താനാകാത്ത സ്ഥിതിയിലാണ് അദ്ദേഹം. ആയതിനാല്‍ തത്ക്കാലം നിലവിലെ നിസഹകരണ രീതി പിന്തുടരാനാണ് മുരളീധരന്റെ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *