കല്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി വീട്ടിമരങ്ങള്‍ മുറിച്ചുകടത്തിയ കേസിെന്റ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന ആരോപണം ശക്തമാകുന്നു. കേസിെന്റ അന്വേഷണ ചുമതല വഹിച്ചിരുന്ന മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.കെ. സമീര്‍ കഴിഞ്ഞദിവസം ദീര്‍ഘ അവധിയില്‍ പ്രവേശിച്ചു. കേസ് ദുര്‍ബലപ്പെടുത്താന്‍ മേലുദ്യോഗസ്ഥരില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം.
ഡിപ്പോ റേഞ്ച് ഓഫിസര്‍ കെ.സി. പ്രദീപ് കുമാറിനാണ് പകരം അന്വേഷണ ചുമതല. അന്വേഷണസംഘത്തിലെ കീഴുദ്യോഗസ്ഥരെ ഒരു സംഘം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒക്ക പരാതി നല്‍കാനിരിക്കുകയാണ് ജീവനക്കാര്‍.
അതേസമയം, മരംമുറി കേസ് അന്വേഷിക്കാനായി ജില്ലയിലെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥന് അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കാനാണ് ശ്രമിച്ചതെന്ന ആരോപണവുമായി ജീവനക്കാരുട സംഘടനതന്നെ രംഗത്തെത്തി. കേസിലെ പ്രതികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ പ്രത്യാരോപണം ഉ
ന്നയിച്ച കേസുകളില്‍ വസ്തുതയില്ലെന്ന് ബോധ്യപ്പെട്ടിട്ടും മറ്റു പലതും ചൂണ്ടിക്കാട്ടി സമ്മര്‍ദത്തിലാക്കാനാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന് ശ്രമിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്. വാഴവറ്റ, ആവലാട്ടുകുന്ന്, കരിങ്കണിക്കുന്ന് എന്നീ പ്രദേശങ്ങളിലെ 25ഓളം പേരുടെ ഭൂമിയില്നിന്നായി അനുമതിയില്ലാതെ വീട്ടി ഉള്‍പ്പെടെ നൂറുകണക്കിന് മരങ്ങള്‍ മുറിച്ചെന്നാണ് ആരോപണം. 1964ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ മുറിച്ചതെന്നാണ് ആക്ഷേപം. മുറിച്ചു പെരുമ്ബാവൂരിലേക്ക് കടത്തിയ രണ്ടു ലോഡ് വീട്ടിത്തടികള്‍ മേപ്പാടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വനംവകുപ്പ് പിടികൂടിയിരുന്നു. 20 ലക്ഷം രൂപ വിലവരുന്നതാണ് തടികള്‍. വാഴവറ്റയിലെ തടിമില്ലിെന്റ പേരില്‍ അനുവദിച്ച പാസ് ദുരുപയോഗം ചെയ്താണ് മരത്തടി കടത്തിയതെന്ന് വനംവകുപ്പിെന്റ അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ തടിമില്‍ ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. മരംമുറിയില്‍ വനംവകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി ആരോപണമുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന മേപ്പാടി റേഞ്ച് ഓഫിസര്‍ അവധിയില്‍ പ്രവേശിച്ചത്.
മരംമുറിയുമായി ബന്ധപ്പെട്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, രണ്ടു ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ എന്നിവരെ വനംവകുപ്പ് സ്ഥലംമാറ്റി. റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫിസര്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരെയും കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു.
