പോണ്ടിച്ചേരി: പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷം നഷ്ടമായ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ലഫ്റ്റനന്റ് ഗവര്‍ണറെ കാണും. അതെ സമയം വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസ്വാമി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് പുതുച്ചേരിയിലെത്തും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതുച്ചേരിയില്‍ ഭരണ പ്രതിസന്ധി ഉണ്ടായത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി പുതുച്ചേരിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് സര്‍ക്കാരിനെ വീഴ്ത്തിയുള്ള അട്ടിമറി നീക്കം ഉണ്ടായത്. മുന്‍ പുതുച്ചേരി കോണ്‍ഗ്രസ് അധ്യക്ഷന്‍ നമശിവായത്തിനും മന്ത്രി കൃഷ്ണറാവുവിനും പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
അതെ സമയം ബിജെപിയിലേക്ക് ചേക്കാറാനുള്ള നീക്കത്തിലാണ് എംഎല്‍എമാര്‍. ഇതോടെ 30 അംഗ സഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം 14 ആയി ചുരുങ്ങി. എന്‍ആര്‍ കോണ്‍ഗ്രസ് – ബിജെപി – അണ്ണാ ഡിഎംകെ സഖ്യത്തിനും 14 പേരുടെ പിന്തുണയുണ്ട്.
