പിതാവിന്റെ ഘാതകരോടുള്ള തന്റെ വികാരത്തെ കുറിച്ച്‌ തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി

പിതാവ് രാജീവ് ഗാന്ധിയുടെ ഘാതകരോട് തനിക്ക് പകയോ പ്രതികാരമോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതുച്ചേരിയിലെ സര്‍ക്കാര്‍ വനിതാ കോളേജിലെ ഒരു വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ‘എല്‍ടിടിഇ താങ്കളുടെ പിതാവിനെ കൊലപ്പെടുത്തി, അവരോടുള്ള താങ്കളുടെ മനോഭാവമെന്താണ് ? ‘ – എന്നായിരുന്നു ചോദ്യം.

അച്ഛന്റെ മരണം തനിക്ക് നികത്താനാകാത്ത നഷ്ടവും വേദനയുമാണ് ഉണ്ടാക്കിയതെങ്കിലും ആരോടും പകയോ ദേഷ്യമോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹൃദയം ഛേദിയ്ക്കപ്പെടുന്നതിന് സമാനമായിരുന്നു പിതാവിന്റെ മരണമെന്നും അദ്ദേഹം പറഞ്ഞു. ‘കഠിനമായ വേദനയാണ് ഞാന്‍ അനുഭവിച്ചത്. പക്ഷേ, ആരോടും എനിക്ക് ദേഷ്യമോ വെറുപ്പോ ഇല്ല. അവരോട് ഞാന്‍ ക്ഷമിച്ചിരിയ്ക്കുന്നു’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

മുത്തശ്ശിയേയും പിതാവിനേയും നഷ്ടമായതിന് ശേഷവുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അക്രമത്തിലൂടെ നിങ്ങളില്‍ നിന്ന് ഒന്നും നഷ്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി ഇതിന് മറുപടിയായി പറഞ്ഞത്. പിതാവ് ഇപ്പോഴും തന്നില്‍ ജീവിയ്ക്കുന്നുണ്ട്. അദ്ദേഹം തന്നിലൂടെ സംസാരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *