ന്യൂനപക്ഷവര്‍ഗീയത പറയുന്നവരോടുള്ള സിപിഎം സമീപനത്തെ പലപ്പോഴും എതിര്‍ത്തിട്ടുണ്ടെന്ന് പി ക കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിവാദമായ വര്‍ഗീയ പരാമര്‍ശത്തിന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ വേര്‍തിരിവ് എന്തിനാണെന്നും എല്ലാ വര്‍ഗ്ഗീയതയും മോശമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ വികാരത്തെ മുതലെടുത്തുകൊണ്ട് വര്‍ഗ്ഗീയ രാഷ്ട്രീയം പയറ്റുന്നവരോട് വോട്ടിനായി സിപിഐഎം കൂട്ടുകൂടുന്നതിനെ തങ്ങള്‍ പലപ്പോഴും എതിര്‍ത്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

എന്നാല്‍ നമ്മുടെ രാജ്യത്ത് ബിജെപി ഭരിക്കുന്നതിനാല്‍ അവര്‍ രാജ്യവ്യാപകമായി നടത്തിവരുന്ന വര്‍ഗ്ഗീയ പ്രശ്നങ്ങളാണ് കൂടുതല്‍ ഗൗരവകരമെന്നത് മറ്റൊരു സത്യം. സിപിഐഎംകാര്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എത്ര നിയന്ത്രിച്ചാലും പുറത്തുചാടിപ്പോകും. അതാണ് അവര്‍ക്ക് പ്രസ്താവനകള്‍ വീണ്ടും വീണ്ടും തിരുത്തേണ്ടിവരുന്നത്. അത് അവരുടെ ഉള്ളിലുള്ളത് തന്നെയാണ്. എല്ലാ വര്‍ഗ്ഗീയതയും മോശമാണ്. അതിലെന്തിനാണ് വേര്‍തിരിവ്? എല്ലാത്തരം വര്‍ഗ്ഗീയതയും അപലപിക്കപ്പെടേണ്ടതാണ്.

വിജയരാഘവന്റെ പ്രസ്താവനയ്ക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടി ഇങ്ങനെ. പഞ്ചാബില്‍ കണ്ടതുപോലെ കേരളത്തിലും കോണ്‍ഗ്രസ് മിന്നുന്ന ജയം നേടുമെന്നും അതിനായി മതേതരവാദികളെല്ലാവരും ഒന്നിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും ഇതിനെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണമെന്നും വിജയരാഘവന്‍ പറഞ്ഞതാണ് വിവാദമായത്. എന്നാല്‍ താന്‍ അങ്ങനെയല്ല പറഞ്ഞതെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും പിന്നീട് വിജയരാഘവന്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *