മേഴ്‌സികുട്ടി അമ്മ ഓടിച്ചുവിട്ട കമ്ബനിയെ ജയരാജന്‍ പിടിച്ചുകൊണ്ടുവന്ന് സ്ഥലം കൊടുത്തു: ചെന്നിത്തല

തിരുവനന്തപുരം:സര്‍ക്കാരിനെ വെട്ടിലാക്കിയ ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. അമേരിക്കന്‍ കമ്ബനിയായ ഇ എം സി സി സര്‍ക്കാരുമായി ഒപ്പിട്ട ധാരണാ പത്രവും കമ്ബനിക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകളുമാണ് ഇന്ന് അദ്ദേഹം പുറത്തുവിട്ടത്. ധാരാണ പത്രം റദ്ദാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് ഫിഷറീസ് നയത്തിന് വിരുദ്ധമെങ്കില്‍ എന്തിനാണ് എം ഒ യു ഒപ്പിട്ടതെന്നും ചോദിച്ചു. ഇ എം സി സി പ്രതിധികള്‍ മുഖ്യമന്ത്രിയെ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ വച്ചാണ് ഫിഷറീസ് കമ്ബനിപ്രതിനിധികള്‍ കണ്ടതെന്നും കമ്ബനി രേഖകള്‍ തന്നെ അതിന് തെളിവെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. നടക്കില്ലെന്ന് പറഞ്ഞ് മേഴ്‌സികുട്ടി അമ്മ ഓടിച്ചുവിട്ട കമ്ബനിയെ ഓടിച്ചെന്ന് ജയരാജന്‍ പിടിച്ചുകൊണ്ടുവന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു. ആരോപണങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് മന്ത്രിയില്‍ നിന്നുള്‍പ്പടെ ലഭിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

അമേരിക്കന്‍ കമ്ബനിയുമായി ധാരണാപത്രം ഉണ്ടായതില്‍ ഗുരുതര വീഴ്ച്ച ഉണ്ടായെന്ന ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഇ എം സി സി എം ഡിയുമായി മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല ഇന്നലെ പുറത്തുവിട്ടിരുന്നു. കള്ളി വെളിച്ചത്തായപ്പോള്‍ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്നായിരുന്നു അദ്ദേഹം ഇന്നലെ ആരോപിച്ചത്.

ഫിഷറീസ് നയത്തില്‍ നിന്ന് ഒരിഞ്ച് വ്യതിചലനം പോലും ഉണ്ടാകില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി വൈകി ഫേസ്‌ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എല്ലാത്തരത്തിലും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ധാരണാപത്രം എങ്ങനെ ഉണ്ടായെന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം അയ്യായിരം കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് വിവാദ കമ്ബനി പ്രതികരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *