ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന വ്യാജപരാതി: യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

 വെള്ളറടയില്‍ ക്വാറന്‍റീനില്‍ കഴിയുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് യുവതി വ്യാജപരാതി നല്‍കിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. യുവതിയ്ക്കെതിരെ കേസെടുത്ത് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി വിവാദമായിരുന്നു. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

ക്വാറന്‍്റൈനില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭരതന്നൂര്‍ സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഉഭയസമ്മത പ്രകാരമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ യുവതി പരാതി നല്‍കിയതെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

യുവതിയുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും സസ്പെന്‍ഷനിലായിരുന്ന പ്രദീപിനെ ആരോഗ്യവകുപ്പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *