വന്യമൃഗങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച റെയില്‍പാള വേലി ബത്തേരിയില്‍ പൂര്‍ണ സജ്ജമായി

കല്‍പ്പറ്റ: ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസപ്രദേശങ്ങളിലെത്തുന്നതും അവ അപകടങ്ങള്‍ ഉണ്ടാകുന്നതും കേരളത്തില്‍ പതിവ് സംഭവമാണ്. അതിനു ശാശ്വത പരിഹാരമെന്നോണം സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ റെയില്‍പാള വേലി (റെയില്‍ ഫെന്‍സിങ്) ബത്തേരിയില്‍ സജ്ജമയി.

ബുധനാഴ്ച വൈകുന്നേരം വനംവകുപ് മന്ത്രി കെ രാജു വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും പരീക്ഷിച്ച്‌ വിജയിച്ചതിനാലാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് റെയില്‍വേ പാളം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന വേലിയുടെ പ്രവൃത്തി വയനാട്ടില്‍ ആരംഭിച്ചത്.

കുറിച്യാട് റെയ്ഞ്ചില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയില്‍പ്പെട്ട സത്രംകുന്ന് മുതല്‍ പൂതാടി പഞ്ചായത്തിലെ മൂടക്കൊല്ലിവരെയുള്ള പത്ത് കിലോമീറ്റര്‍ വനാതിര്‍ത്തിയിലാണ് റെയില്‍പാള വേലി പൂര്‍ത്തിയായിരിക്കുന്നത്.2.5 മീറ്റര്‍ ഉയരമുള്ള വേലി ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. മൂന്ന് മീറ്റര്‍ അകലത്തില്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച തൂണുകളും ഇവക്ക് ബലം നല്‍കുന്നതിനായി വശത്തായി ചരിഞ്ഞ തൂണുകളുമാണ് ഉള്ളത്.

2019 മാര്‍ചിലാണ് നിര്‍മാണം തുടങ്ങിയത്. വൈദ്യുതി വേലിയും കിടങ്ങും സ്ഥാപിച്ചിട്ടും മൃഗങ്ങളുടെ നാട്ടിലേക്കുള്ള വരവിന് കുറവില്ലാതായതോടെയാണ് പുതിയ സംവിധാനങ്ങളെ ആലോചിച്ചത്.

തൂക്ക് വൈദ്യുതി വേലി അടക്കമുള്ള മറ്റു പ്രതിരോധ സംവിധാനങ്ങളും പുല്‍പ്പള്ളി വനമേഖലയില്‍ പരിക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ ഫലപ്രദമെന്ന് തോന്നുന്നത് വയനാട്ടിലാകെ സ്ഥാപിക്കാനാണ് ആലോചന.

അതേ സമയം റയില്‍പാള വേലി ആനക്ക് മറിക്കടക്കാന്‍ ആകില്ലെങ്കിലും പന്നിയടക്കമുള്ള ചെറിയ മൃഗങ്ങള്‍ മറ്റുവഴികള്‍ തേടി കൃഷിയിടങ്ങളിലെത്തുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ അലട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *