മലപ്പുറം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ 7 പേര് മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് പീഡനത്തിനിരയായ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെ. ഒന്നിച്ചിരുന്ന് സംസാരിച്ച സമയം താന്‍ മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പറയുകയായിരുന്നു. ബന്ധു ഇക്കാര്യം വീട്ടിലറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ തിരൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ അഞ്ച് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മലപ്പുറത്തെ ഒരു സ്ക്കൂളിലെ ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ 14കാരിയാണ് പീഡനത്തിരയായത്. പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തം കൂടുകയും ചങ്ങാത്തം അരുതാത്ത ബന്ധത്തിലേക്ക് പോകുകയുമായിരുന്നു. കഞ്ചാവും മയക്കുമരുന്നും പെണ്‍കുട്ടി യുവാക്കളില്‍ നിന്നും വാങ്ങി ഉപയോഗിക്കുകയും ചെയ്തു. ലഹരിക്ക് അടിമപ്പെട്ട പെണ്‍കുട്ടിയെയാണ് യുവാക്കള്‍ ഉപയോഗിച്ചത്. പലപ്പോഴും രാത്രിയില്‍ യുവാക്കള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങി. വീട്ടിലെ മുകള്‍ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ കിടപ്പു മുറി. രാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങുമ്ബോള്‍ വാതില്‍ തുറന്നു കൊടുത്താണ് യുവാക്കളെ വീട്ടില്‍ കയറ്റിയിരുന്നത്. മയക്കുമരുന്നു ലഭിക്കുമെന്നതായിരുന്നു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചത്. വീട്ടിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു.
പീഡന വിവരം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ മാതാവ് ചോദ്യം ചെയ്തു. ഇതോടെയാണ് വീട്ടില്‍ വന്നു പോയിരുന്നവരുടെ വിവരം പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. മാതാവും ഇളയ സഹോദരനും മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് താമസം. മാതാവ് പെണ്‍കുട്ടിയുടെ അമ്മാവനോട് ഇക്കാര്യം പറയുകയും അമ്മാവനും ബന്ധുക്കളും ചേര്‍ന്ന് യുവാക്കളുടെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തു. കാര്യമെന്തെന്നറിയാത്ത യുവാക്കളുടെ മാതാപിതാക്കള്‍ പൊലീസില്‍ മര്‍ദ്ദനത്തിനെതിരെ പരാതി നല്‍കിയതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി ചൈല്‍ഡ്ലൈനിലെത്തിയത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്കി. പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ യുവാക്കള്‍ എല്ലാവരും ഒളിവില്‍ പോകുകയായിരുന്നു.
7 യുവാക്കളും കൂട്ടം ചേര്‍ന്നല്ല പീഡനം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മില്‍ പരസ്പരം ബന്ധവുമില്ല. പെണ്‍കുട്ടി ഓണ്‍ലൈന്‍ ക്ലാസ്സിനായി ഉപയോഗിച്ചിരുന്ന മൊബൈലില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാം വഴി യുവാക്കളെ പരിചയപ്പെട്ടത്. പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തമാകുകയായിരുന്നു. പീഡനം നടത്തിയ യുവാക്കള്‍ എല്ലാവരും കര്‍ണ്ണാടകയില്‍ പഠിച്ചിരുന്നവരും ജോലി ചെയ്തിരുന്നവരുമാണ്. പൊലീസ് കേസെടുത്തു എന്ന വിവരം ലഭിച്ചതോടെ രണ്ടു പേര് എറണാകുളത്ത് ഒളിവില്‍ പോയി. പൊലീസ് എറണാകുളത്തെത്തി കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് പേര് കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്ന വിവരം പൊലീസിനെ ലഭിച്ചു. ഇവരെ കണ്ടെത്തിയതായും ഇന്ന് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
പെണ്‍കുട്ടി ബന്ധുവിനോട് പീഡന വിവരം തുറന്നു പറഞ്ഞതിനാല്‍ മാത്രമാണ് വിവരം പുറത്തറിഞ്ഞത്. അല്ലെങ്കില്‍ ഇക്കാര്യം ആരും അറിയില്ലായിരുന്നു. രാത്രി കാലങ്ങളിലായിരുന്നു പെണ്‍കുട്ടി യുവാക്കളെ വിളിച്ചു വരുത്തിയിരുന്നത്. പെണ്‍കുട്ടിയെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി.
