മനാമ: ലോക്ഡൗണ്‍ കാലത്ത് വിമാന സര്‍വിസ് മുടങ്ങിയതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ് നിര്‍ത്തിയതായി യാത്രക്കാരുടെ പരാതി. ബഹ്റൈനിലെ ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് റീഫണ്ട് ലഭിക്കാത്തത്. റീഫണ്ടിന് പകരം മറ്റൊരു സമയത്തേക്ക് ഉപയോഗിക്കാവുന്ന വൗച്ചറാണ് ഇപ്പോള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്.എന്നാല്‍, ഇതിനകം തന്നെ മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോയവര്‍ക്ക് ഇതുകൊണ്ട് പ്രയോജനം ലഭിക്കില്ലെന്നാണ് പരാതി ഉയരുന്നത്.
ലോക്ഡൗണ്‍ കാലത്ത് റദ്ദായ ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഇന്ത്യയില്‍നിന്ന് എടുത്ത ടിക്കറ്റുകള്‍ക്കും ഒാണ്‍ലൈന്‍ വഴി എടുത്ത ടിക്കറ്റുകള്‍ക്കും റീഫണ്ട് ലഭിച്ചിട്ടുണ്ട്. വിദേശത്തെ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുത്തവര്‍ക്കും അടുത്തകാലം വരെ റീഫണ്ട് ലഭിച്ചിരുന്നതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
എന്നാല്‍, പെെട്ടന്ന് നയം മാറ്റുകയായിരുന്നു. വൗച്ചര്‍ മാത്രമേ നല്കാന് പാടുള്ളൂ എന്നാണ് ആസ്ഥാന ഒാഫിസില്‍നിന്ന് ലഭിച്ച നിര്‍ദേശമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ ഏജന്‍സികളെ അറിയിച്ചത്.
റീഫണ്ടിന് അപേക്ഷിച്ച യാത്രക്കാര്‍ക്ക് വൗച്ചര്‍ അനുവദിച്ചതായി ഇപ്പോള്‍ ഇ-മെയില്‍ സന്ദേശം ലഭിക്കുന്നുണ്ട്. 2021 ഡിസംബര്‍ 31നകം ഇൗ വൗച്ചര്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഏത് സെക്ടറിലെ യാത്രക്കും ഇൗ വൗച്ചര്‍ ഉപയോഗിക്കാം. അതേസമയം, വൗച്ചര്‍ ആവശ്യമില്ലാത്ത യാത്രക്കാര്‍ക്ക് പെനാല്‍റ്റി കഴിച്ചുള്ള തുക തിരിെക നല്കാന് തീരുമാനം വന്നതായി ബഹ്റൈനിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 31നകം യാത്ര നടത്താന്‍ ഉദ്ദേശിക്കാത്തവര്‍ക്ക് വൗച്ചര്‍ കൊണ്ട് പ്രയോജനമില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 13 ദീനാര്‍ പെനാല്‍റ്റി കഴിച്ച് ബാക്കി തുക തിരികെ നല്‍കും.
ഡിസംബര്‍ 31നകം യാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് വൗച്ചറായിരിക്കും കൂടുതല്‍ പ്രയോജനപ്പെടുക. റദ്ദായ ടിക്കറ്റിെന്റ മുഴുവന്‍ തുകയും വൗച്ചറായി നല്‍കുന്നുണ്ട്. പുതിയ ടിക്കറ്റ് എടുക്കുേമ്ബാള് അന്നത്തെ നിരക്ക് വ്യത്യാസം മാത്രം നല്കിയാല് മതി.
