തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ ഉപവാസ സമരം തുടങ്ങി. കളളങ്ങള്‍ പിടിക്കുമ്ബോള് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
ഇ എം സി സി ഫ്രോഡ് കമ്ബനിയാണെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇപ്പോള്‍ പറയുന്നത്. അത്തരമൊരു റിപ്പോര്‍ട്ട് കേന്ദ്രം നല്കിയിട്ടുണ്ടെങ്കില് പുറത്തു വിടാന്‍ ഫിഷറീസ് സെക്രട്ടറി തയ്യാറാകണം. പിടിക്കപ്പെട്ടപ്പോള്‍ മന്ത്രി ഓരോന്ന് പറയുന്നു. താന്‍ ഐശ്വര്യയാത്ര ആരംഭിച്ചത് എന്നെന്ന് പോലും മന്ത്രിയ്ക്ക് അറിയില്ല. മന്ത്രിയുടെ ഭാഷയില്‍ മറുപടി പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
ടി കെ ജോസിന്റെ അന്വേഷണം സ്വീകാര്യമല്ല. അദ്ദേഹമാണ് സെക്രട്ടറി, സെക്രട്ടറിയും മുഖ്യമന്ത്രിയും അറിയാതെ കരാറില്‍ ഒപ്പിടാനാകുമോയെന്നും ചെന്നിത്തല ചോദിച്ചു. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. ഇവിടെ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണോ? പിന്നെ എന്തിനാണ് മുഖ്യമന്ത്രി? മുഖ്യമന്ത്രി ഒന്നും അറിഞ്ഞില്ലെങ്കില്‍ ആ കസേരയില്‍ ഇരിക്കുന്ന അദ്ദേഹത്തിന്റെ റോള്‍ എന്താണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
