ആഴക്കടല്‍ മത്സ്യബന്ധനം: എം.ഒ.യു ഒപ്പുവപ്പിച്ചത് ചെന്നിത്തല; ഗുരുതരആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എം.ഒ.യു ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെഎസ്‌ഐഎന്‍സി എംഡി എന്‍.പ്രശാന്ത് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് കടകംപള്ളി ഉന്നയിച്ചിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എംഒയുവില്‍ എന്‍.പ്രശാന്തിനെ കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കടകംപള്ളി പറഞ്ഞു.

“ആഴക്കടല്‍ മത്സ്യബന്ധന വിവാദം പ്രതിപക്ഷത്തിന്റെ ഉണ്ടയില്ലാ വെടിയാണ്. തന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഐഎഎസ് ഓഫീസര്‍ പ്രശാന്തിനെക്കൊണ്ട് ഒരു എംഒയു ഒപ്പുവപ്പിച്ചു,” കടകംപള്ളി പറഞ്ഞു. വകുപ്പ് സെക്രട്ടറി പോലും അറിയാതെയാണ് എന്‍.പ്രശാന്ത് എംഒയു ഒപ്പിട്ടത്. ധാരണാപത്രം എന്‍.പ്രശാന്ത് അന്നു തന്നെ ചെന്നിത്തലയ്‌ക്ക് നല്‍കി. സര്‍ക്കാര്‍ ഒപ്പുവച്ചെന്ന് തെറ്റിദ്ധാരണ പരത്തുകയാണെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം, ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ. 2019 ഒക്ടോബറിലാണ് ഇഎംസിസിയുടെ അപേക്ഷ ആദ്യമായി ഫിഷറീസ് മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. മന്ത്രി എന്താണ് ഫയലില്‍ എഴുതിയെന്ന് വ്യക്തമല്ലെങ്കിലും ഇതിന് ശേഷമാണ് ഫയല്‍ നിക്ഷേപക സംഗമത്തിനയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *