ഷാജഹാന്‍പുര്‍: കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍ പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന്‍പുര്‍ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. നാലംഗ സംഘത്തിന്റെ ബലാത്സംഗ ശ്രമം വിദ്യാര്‍ത്ഥിനി ചെറുത്തു തോല്‍പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ നഗ്നയാക്കി തീ കൊളുത്തുക ആയിരുന്നു.
രണ്ടാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആണ് സംഘം തീ കൊളുത്തിയത്. ഈ ആഴ്ച ആദ്യമാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ ഷാജഹാന്‍പുരിലെ ദേശീയ പാതയോരത്ത് കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ കോളേജിലെ കൂട്ടുകാരിയും ഉണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ സ്ഥലങ്ങളില്‍ നിന്നാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 376 D (കൂട്ടബലാത്സംഗം), 307 (കൊലപാതക ശ്രമം), 120 B (കുറ്റകരമായ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചികിത്സയില്‍ കഴിയുന്ന ലഖ്നൗവിലെ ആശുപത്രിയില്‍ നിന്ന് മജിസ്ട്രേറ്റിനു മുമ്ബാകെ പൊലീസിന് നല്‍കിയ മൊഴിയില്‍ സുഹൃത്തിനെതിരെ പരാമര്‍ശമുണ്ട്. റായി ഖേഡ ഗ്രാമത്തിന് സമീപത്തുള്ള സ്ഥലത്ത് വച്ച് തിങ്കളാഴ്ച തന്റെ കസിനെ കാണണമെന്ന് കൂട്ടുകാരി പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് തകര്‍ന്ന അതിര്‍ത്തി മതിലിലൂടെ കൂട്ടുകാരിയുടെ കസിനെ കാണാനായി ഈ വിദ്യാര്‍ത്ഥിനി പോകുകയായിരുന്നു. അതേസമയത്ത്, ഈ കുട്ടിയുടെ പിതാവ് വിദ്യാര്‍ത്ഥിനിയെ കോളേജിന്റെ പ്രധാന പ്രവേശവ കവാടത്തില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍, ഇവിടെ കാത്തുനിന്ന മൂന്നു പേര്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സം ചെയ്യാന്‍ ശ്രമിക്കുകയും ആയിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനെ ചെറുത്തതിനെ തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ ക്ലാസിലെ കൂട്ടുകാരിയായ പെണ്‍കുട്ടി നേരത്തെ പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചിരുന്നു.
ക്ലാസിലെ ആണ്‍കുട്ടികളോട് സംസാരിക്കാനും വീഡിയോ കോള്‍ വഴി തന്റെ കസിനോട് സംസാരിക്കാനും ഒക്കെ കൂട്ടുകാരിയും കേസിലെ പ്രതിയുമായ പെണ്‍കുട്ടി ഇരയായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു.
