കല്‍പ്പറ്റയില്‍ മുല്ലപ്പള്ളിയും സിദ്ധിഖും വേണ്ട ; രഹസ്യയോഗം ചേര്‍ന്ന്‌ ഐ ഗ്രൂപ്പ്‌

കല്‍പ്പറ്റ: ഡിസിസി ജനറല്‍ സെക്രട്ടറി പി കെ അനില്‍കുമാറിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് പുകയുന്നു. ഞായറാഴ്ച ഐ ഗ്രൂപ്പ് നേതാക്കള്‍ കല്‍പ്പറ്റയില്‍ രഹസ്യയോഗം ചേര്‍ന്നു. പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെ അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വേണ്ടെന്ന നിലപാടെടുത്തു. കല്‍പ്പറ്റ ലക്ഷ്യമിടുന്ന കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധിഖിനേയും അടുപ്പിക്കില്ല. മുന്‍ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത്. ജില്ലയിലുള്ളവരുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയാല്‍ കൂട്ടരാജിക്കുള്ള പദ്ധതിയുമുണ്ട്.

ഐ ഗ്രൂപ്പ് നീക്കത്തില്‍ എ ഗ്രൂപ്പ് അങ്കലാപ്പിലായി. എ ഗ്രൂപ്പ് നേതാക്കളായ എന്‍ ഡി അപ്പച്ചനും കെ സി റോസക്കുട്ടിയും സീറ്റ് മോഹിക്കുന്നവരാണ്. സീറ്റ് ലക്ഷ്യമിട്ട് അപ്പച്ചന്‍ നടത്തിയ നീക്കമായിരുന്നു രാഹുലിന്റെ ട്രാക്ടര്‍ റാലി. ഇതിന്റെ സംഘാടനത്തില്‍ പ്രധാനിയും അപ്പച്ചനായിരുന്നു.

അനില്‍കുമാറിന് പിന്നാലെ മറ്റുചില നേതാക്കളും വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടും. അടിത്തട്ടിലുള്ള ധാരാളം പ്രവര്‍ത്തകര്‍ തന്നോടൊപ്പം വരുമെന്ന് അനില്‍കുമാറും പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ജെഡിയിലാണ് ചേരുന്നത്. ഇവര്‍ക്കുള്ള സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ടി വിടുമെന്ന് ഉറപ്പായതോടെ നേതൃത്വം അങ്കലാപ്പിലാണ്.

ഐ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നില പരുങ്ങലിലായി. നേതാക്കളും പ്രവര്‍ത്തകരും പാര്‍ടി വിടുന്നതിന് മറുപടി പറയേണ്ടിവരും. ബത്തേരി മണ്ഡലത്തില്‍ മൂന്നാമതും മത്സരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ബാലകൃഷ്ണന്‍. ഇതിനെതിരെ മുതിര്‍ന്ന നേതാക്കള്‍തന്നെ രംഗത്തുണ്ട്. കെപിസിസിക്ക് പരാതിയും നല്‍കി. സമുദായ സമവാക്യങ്ങള്‍ ഉയര്‍ത്തിയും കോണ്‍ഗ്രസ് നേതാക്കള്‍ ബത്തേരിയില്‍ ബാലകൃഷണനെതിരെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *