‘ഏഴാം തീയതി ഡല്‍ഹിയിലേക്ക് പോയാല്‍ നോമിനേഷന്‍ തീയതിക്ക് ശേഷം മാത്രമേ മടങ്ങൂ’; നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍

തിരുവനന്തപുരം: നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തളളി കെ മുരളീധരന്‍. താന്‍ നേമത്ത് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും എം പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഏഴാം തീയതി ഡല്‍ഹിയിലേക്ക് പോയാല്‍ നോമിനേഷന്‍ തീയതിക്ക് ശേഷം മാത്രമേ മടങ്ങൂവെന്നും മുരളീധരന്‍ പറഞ്ഞു.

വടകര എം പിയായ മുരളീധരനെ കോണ്‍ഗ്രസ് നേമത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തല്‍ മുരളീധരന് ഇളവ് അനുവദിക്കുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. നിലവില്‍ കേരളത്തിലെ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെയാണ് എന്‍ ഡി എ പരിഗണിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 21 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 14 എണ്ണത്തിലും ബി ജെ പിയാണ് ജയിച്ചത്. ആറിടത്ത് രണ്ടാമതുമെത്തി. ബി ജെ പിയുടെ ഗുജറാത്തെന്ന് നേതാക്കള്‍ വിശേഷിപ്പിക്കുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് യു ഡി എഫും എല്‍ ഡി എഫും ശ്രമിക്കുന്നത്.

എല്‍ ഡി എഫില്‍ വി ശിവന്‍കുട്ടിയുടെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. കോണ്‍ഗ്രസില്‍ ഒരു വേള ഉമ്മന്‍ചാണ്ടിയും ശശിതരൂരും വരെ നേമത്തെത്തുമെന്ന രീതിയില്‍ ച‍ര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇന്ന് നടന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും നേമം സീറ്റ് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *