നിയമസഭതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ മാത്രമേ ജനപക്ഷം മത്സരിക്കുകയുളളൂവെന്നും എന്‍ ഡി എയുടെ ഭാഗമാകില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. ജനപക്ഷം ഒരു മുന്നണിയുടേയും ഭാഗമാകില്ല. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പൂഞ്ഞാറില്‍ പിന്തുണ നല്‍കിയാല്‍ അവരോട് സ്‌നേഹം കൂടുമെന്നും ജോര്‍ജ് പറഞ്ഞു.
ഇക്കുറി കേരളത്തില്‍ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും പൂഞ്ഞാര്‍ എംഎല്‍എ പറയുന്നു. കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നുവെന്നും എന്‍ഡിഎ മോശം മുന്നണിയാണെന്ന അഭിപ്രായമില്ലെന്നും പി സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാറില്‍ ബി ജെ പിയുടെ വോട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വോട്ട് വര്‍ദ്ധനവുണ്ടായത്. പക്ഷേ സി പി എമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
സി പി എമ്മിന്റെ പ്രമുഖനായ നേതാവ് ഇന്നലെ ബി ജെ പിയില്‍ ചേര്‍ന്ന ശേഷം തന്നെ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞുവെന്നും പി സി ജോര്‍ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം വോട്ടുകളില്‍ തീവ്രവാദ സ്വഭാവമുളള ആളുകളോട് തനിക്ക് യോജിക്കാനാകില്ല. ഇന്ത്യയില്‍ എല്ലായിടത്തും മുസ്ലീങ്ങളില്‍ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് പോയിട്ടുണ്ട്. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും തീവ്രവാദികളുണ്ട്. തങ്ങള്‍ക്ക് മുസ്ലീം വിരുദ്ധതയില്ലെന്നും അങ്ങനെ പറയുന്നവര്‍ തന്റെ പാര്‍ട്ടിയില്‍ കാണില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വഞ്ചിച്ചുവെന്ന് ആരോപിക്കുന്ന പൂഞ്ഞാര്‍ എംഎല്‍എ യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും വ്യക്തമാക്കി. തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പൂഞ്ഞാറില്‍ ആരുടേയും പിന്തുണ സ്വീകരിക്കുമെന്നും പി സി വ്യക്തമാക്കി.
