ലക്ഷ്യമിടുന്നത് 35 ദശലക്ഷം വനിതാവോട്ടര്‍മാരെ ; തൃണമൂല്‍ കോണ്‍ഗ്രസില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക്

കൊല്‍ക്കത്ത: ബിജെപിയുമായി ശക്തമായി കൊമ്ബുകോര്‍ത്തിരിക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് ശക്തമായ പ്രാതിനിധ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസും മമതാബാനര്‍ജിയും. വരുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാനാണ് മമതയുടെ തീരുമാനം. ഇതോടെ 100 നടുത്ത് പേര്‍ക്ക് മത്സരിക്കാന്‍ അവസരം കിട്ടും.

വിരമിച്ച ഉന്നതോദ്യോഗസ്ഥര്‍ മുതല്‍ സിനിമാ കായിക മേഖലകളിലെ താരങ്ങള്‍ക്ക് അവസരം കിട്ടുമെന്നാണ് സൂചന. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയിലെ സ്ത്രീ ശാക്തീകരണത്തിലൂടെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായ 35 ദശലക്ഷം വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് മമതയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദശകമായി ബംഗാളില്‍ ഭരണസാരഥ്യം വഹിക്കുന്ന മമതയ്ക്ക് വനിതാ വോട്ടുകളുടെ പ്രാധാന്യം കൃത്യമായിട്ട് അറിയാം. 40 ശതമാനം സ്ത്രീകള്‍ക്കായി സീറ്റ് മാറ്റി വെയ്ക്കുമ്ബോള്‍ 88 ലധികം വനിതകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കും.

നേരത്തേ തന്നെ സ്ത്രീകളെ ലക്ഷ്യമിട്ട് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാനത്തെ വനിതാ വോട്ടുബാങ്ക് മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മമതാബാനര്‍ജി ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട ശേഷം മമതയുടെ നയങ്ങള്‍ വീടുവീടാന്തരം എത്തിക്കാനും സ്ത്രീകളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിയാനും ടിഎംസിയില്‍ ‘ബംഗാ ജനനി ബാഹിനി’ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം തന്നെ മമത സൃഷ്ടിച്ചിരുന്നു. അടുത്തിടെ ബംഗാളിലെ സിനിമാവേദിയില്‍ നിന്നും അനേകരാണ് പാര്‍ട്ടിയില്‍ എത്തിയത്.

ഇവരില്‍ കുറച്ചു പേര്‍ക്കെങ്കിലൂം തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളാകാന്‍ അവസരം കിട്ടും. അതേസമയം ഇതോടെ സിറ്റിംഗ് എംഎല്‍എ മാരായ പലര്‍ക്കും സീറ്റ് നഷ്ടപ്പെട്ടേക്കും. കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും ക്ലീന്‍ ഇമേജും പൊതുസമ്മതിയുള്ള നേതാക്കളെയുമാണ് പരിഗണിച്ചിരിക്കുന്നത്. 80 കഴിഞ്ഞവരേയും മുതിര്‍ന്ന എംഎല്‍എ മാരേയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് പുറമേ എംഎല്‍എ മാര്‍ക്ക് റേറ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തനം ഇവരുടെ ഇമേജ്, വോട്ടര്‍മാര്‍ക്കിടയിലുള്ള സ്വാധീനവും സ്വീകാര്യതയും സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിക്കും. പ്രശാന്ത് കിഷോര്‍ നയിക്കുന്ന ഐ പാക് ആണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. 294 സീറ്റുകളിലേക്ക് എട്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *