സര്‍വ്വകക്ഷി സന്ദര്‍ശനത്തിനിടയിലും കശ്മീര്‍ അശാന്തം

ശ്രീനഗര്‍: രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശനം നടത്തുമ്പോഴും താഴ്‌വരയിലെ സംഘര്‍ഷത്തിന് അറുതിയായില്ല. കുല്‍ഗാം ജില്ലയില്‍ 23കാരനായ ബാസിത് അഹാംങ്കര്‍ കൊല്ലപ്പെട്ടതോടെ മരണ സംഖ്യ 74 ആയി. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ വധത്തോടെ തുടങ്ങിയ അക്രമങ്ങളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണമാണിത്. പെല്ലറ്റ് തോക്ക് ഉപയോഗിച്ച് കാലില്‍ പരിക്കേല്‍പ്പിച്ചശേഷം സുരക്ഷാ സൈന്യം യുവാവിനെ കൊക്കയിലേക്ക് എറിയുകയായിരുന്നു. ജമ്മു-കശ്മീര്‍ ഹൈവേ കടക്കുന്നതിനിടെയാണ് സൈന്യം ഇയാളെ പിടികൂടിയത്. ഇത് പൊലീസ് നിഷേധിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് സുരക്ഷാ സൈനികരെ ഭയന്ന് പുഴയില്‍ ചാടിയ 13കാരന്‍ മുങ്ങി മരിച്ചിരുന്നു. ഷോപ്പിയാനിലുണ്ടായ പ്രക്ഷോഭത്തില്‍ 50 പേര്‍ക്ക് പരലിക്കേല്‍ക്കുകകയും ചെയ്തിരുന്നു. ഡെപ്യൂട്ടി കമീഷണറുടെ വസതി കത്തിച്ചു. കശ്മീര്‍ പ്രക്ഷോഭം 57ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ താഴ്‌വരയിലെ അനേകം സ്ഥലങ്ങളും കര്‍ഫ്യൂവിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടഞ്ഞു കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *