തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള മെറിറ്റ് പ്രവേശനം അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ നീക്കം നടത്തുന്നതായി സൂചന. സര്‍ക്കാരുമായുണ്ടാക്കിയ ധാരണകള്‍ക്ക് പുറകെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളുടെ വെബ്‌സൈറ്റുകള്‍ നിശ്ചലമായതാണ് ഈ സംശയത്തിനിട നല്കുന്നത്. ഓണ്‍ ലൈന്‍ പ്രവേശനത്തിനുള്ള വെബ് സൈറ്റ് തകരാറിലാക്കി വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിക്കുകയാണ് ചെയ്യുന്നത്. വിവരം പുറത്തു വന്നതോടെ കോളെജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജയിംസ് കമ്മിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അംഗീകാരം റദ്ദാക്കുമെന്ന ഭീഷണിയുമുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 18 സ്വാശ്രയ മെഡിക്കല്‍ കോളെജുകളും സര്‍ക്കാറുമായി ധാരണയിലെത്തിയ അവസരത്തിലാണ് മെറിറ്റ് പ്രവേശനം അട്ടിമറിക്കും വിധം പ്രവേശനത്തിന് അനുമതി കിട്ടിയ കോളെജുകള്‍ തടസമുണ്ടാക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തിന് ഓണ്‍ ലൈനായി അപേക്ഷിക്കാനുള്ള കോളെജുകളുടെ വെബ്‌സൈറ്റ് തുറക്കാനാവുന്നില്ലെന്ന പരാതി ജെയിംസ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു. വെബ് സൈറ്റ്പരിശോധിച്ച ശേഷമാണ് കര്‍ശനനടപടിക്ക് കമ്മിറ്റിയൊരുങ്ങുന്നത്. നാളെ അലോട്ട്‌മെന്റ് തുടങ്ങാനിരിക്കെയാണ് പുതിയ പ്രതിസന്ധി. ഇതോടെയാണ് ജയിംസ് കമ്മിറ്റി കര്‍ശന നിലപാടെടുക്കുമെന്ന് കാണിച്ച് ബന്ധപ്പെട്ട കോളെജുകള്‍ക്ക് കത്ത് നല്കിയത്.
