കൊച്ചി: പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന ദമ്ബതികള്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്ബ് സ്വദേശി മ്യാലില്‍ വീട്ടില്‍ എംഎസ് ഗോകുല്‍ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പ്രതികള്‍ പെണ്‍കുട്ടികളെ വലയിലാക്കിയത്.
ചൊവ്വാഴ്ച കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ഗോകുലും ആതിരയും ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്നിരുന്ന ഒന്നേകാല്‍ പവന്റെ മാലയും, ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു. പെണ്‍കുട്ടിയെ പാലാരിവട്ടത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു.
ശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടയില്‍ പ്രതികള്‍ ഇതേ ദിവസം മറ്റൊരു പെണ്‍കുട്ടിയെ കൂടി സമാനമായ രീതിയില്‍ കവര്‍ച്ചയ്ക്കിരയാക്കിയതായി കണ്ടെത്തി.ഗോകുലിനെയും ആതിരയേയും അറസ്റ്റ് ചെയ്‌തെങ്കിലും കൂട്ടുപ്രതിയായ ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
