മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ഏപ്രില്‍ 17) 1,430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് 249 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,134 ആയി. ശനിയാഴ്ച മാത്രം കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,382 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
ജില്ലയിലിപ്പോള്‍ 22,033 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,355 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 223 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 155 പേരും 135 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 624 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധിക്കാനുള്ള സാഹചര്യം തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
