കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആയുഷ് വിഭാഗങ്ങളും; ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആയുഷ് വിഭാഗങ്ങളും. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ആയുഷ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി. കോവിഡ് മുക്തരായവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള ആയുര്‍വേദ ചികിത്സ ആയുഷ് വകുപ്പ് മുഖേന നല്‍കുന്നതാണ്. ആയുര്‍വേദ വകുപ്പ് മുഖാന്തരം സ്വാസ്ഥ്യം, സുഖായുഷ്യം, ക്വാറന്റെയ്‌നിലുള്ളവര്‍ക്ക് അമൃതം, കോവിഡാനന്തര ചികിത്സാ പദ്ധതിയായ പുനര്‍ജനി, ഭേഷജം പദ്ധതികള്‍ എന്നിവ സര്‍ക്കാര്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി നടപ്പിലാക്കി വരുന്നുണ്ട്.

കേരളത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ നിന്നും കോവിഡ് മുക്തര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സ്‌പെഷ്യാലിറ്റി ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ഹോമിയോപ്പതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളില്‍ നിന്നും ഹോമിയോ പ്രതിരോധ ഔഷധങ്ങളും കോവിഡ് മുക്തര്‍ക്കുള്ള മരുന്നുകളും ലഭ്യമാണ്.

ആയുഷ് വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധത്തിന് സേവ ക്യാമ്ബെയ്ന്‍ നടത്തുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *