യു.ഡി.എഫിന് 80 സീറ്റുകള്‍,​ സംസ്ഥാനത്ത് ഭരണമുറപ്പെന്ന് ഡി സി സി പ്രഡിഡന്റുമാരുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് 80 സീറ്റുകള്‍ നേടി ഇത്തവണ യു.ഡി.എഫ് ഭരണം നേടുമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേര്‍ന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗമാണ് യു.ഡി.എഫ് 80 സീറ്റില്‍ വിജയിച്ച്‌ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് വിലയിരുത്തിയത്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാജില്ലകളിലെയും വിജയസാദ്ധ്യത വിലയിരുത്തി. എല്ലായിടത്തും യു.ഡി.എഫ് അനുകൂല തരംഗം പ്രകടമായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റുമാര്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവര്‍ത്തിച്ചു.സര്‍ക്കാര്‍ വിരുദ്ധ വികാരം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടനങ്ങള്‍ യു.ഡി.എഫിന് മികച്ച വിജയം സമ്മാനിക്കാന്‍ സഹായകമായി എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ശ്രദ്ധേയമായ പ്രകടനം യുഡിഎഫിന് കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞു. നേമത്ത് ഒന്നാന്തരം പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. നേമത്ത് സി.പി.എം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സംഖ്യം ഉണ്ടാക്കുകയും വ്യാപകമായി വോട്ടുമറിച്ചെങ്കിലും യു.ഡി.എഫിന്റെ വിജയത്തെ ഇത് ബാധിക്കില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *