കോവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച സൈദ്ധാന്തികന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ഓസ്‌ലോ: കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നോര്‍വെയിലെ പ്രമുഖ സൈദ്ധാന്തികന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. തലസ്ഥാനമായ ഓസ്‌ലോയില്‍ നിന്നും 40 മൈല്‍ അകലെ താമസിക്കുന്ന 60 കാരനായ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് മരിച്ചത്.

ആളുകള്‍ കൂട്ടംകൂടുന്നതും പാര്‍ട്ടികള്‍ നടത്തുന്നതും നിരോധിച്ചിരിക്കുന്ന പ്രദേശത്തെ തന്‍റെ വീട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ വെല്ലുവിളിച്ച്‌ ഹാന്‍സ് രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇയാള്‍ അസുഖ ബാധിതനായെങ്കിലും ഇക്കാര്യം മറച്ചുവച്ചാണ് കഴിഞ്ഞിരുന്നത്.

തുടര്‍ന്ന് ആരോഗ്യം വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഹാന്‍സ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ലെന്നും മരണശേഷം ആശുപത്രിയില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് ബാധിച്ചതായി തെളിഞ്ഞതെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഹാന്‍സിന്‍റെ വീട്ടില്‍ നടത്തിയ പാര്‍ട്ടിയില്‍ എത്ര പേര്‍ പങ്കെടുത്തെന്നത് സംബന്ധിച്ച്‌ അധികൃതര്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല.

വിവിധ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച്‌ കോവിഡ് മഹാമാരിയെക്കുറിച്ച്‌ ഇയാള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വാദിക്കുകയും ചെയ്തിരുന്നു. കോവിഡ് ജലദോഷമോ പനിയോ പോലെയാണെന്നും പകര്‍ച്ചവ്യാധിയല്ലെന്നുമായിരുന്നു ഹാന്‍സിന്‍റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *