“വാക്സീന്‍ വിതരണ നയത്തില്‍ മാറ്റം വേണം” – മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കാവശ്യമായ കോവിഡ് വാക്സീന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സീന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനങ്ങള്‍ക്ക് മതിയായ വാക്സീന്‍ ഉറപ്പാക്കേണ്ടത് പൊതു താല്‍പര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച്‌ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന കോവിഡ് വാക്സീന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനുള്ളതാണ്. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റി വയ്ക്കുന്നത്.

ആവശ്യമായ വാക്സീന്‍ കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസവും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 50 ലക്ഷം ഡോസ് വാക്സീന്‍ അടിയന്തരമായി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 5.5 ലക്ഷം ഡോസ് വാക്സീന്‍ മാത്രമാണ് ലഭിച്ചത്. വാക്സീന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *