ന്യൂഡല്‍ഹി: ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രമാരുടെ യോഗത്തിലാണ് കേജരിവാള്‍ അഭ്യര്‍ഥന നടത്തിയത്.
ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം വലിയതോതിലുണ്ട്. ഇവിടെ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഇല്ലെങ്കില്‍ ഡല്‍ഹിയിലെ ആളുകള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ലേ? യോഗത്തില്‍ കേജരിവാള്‍ ചോദിച്ചു.
ഓക്സിജന്റെ ആവശ്യത്തിനായി താന്‍ ആരെയാണ് വിളിക്കേണ്ടതെന്ന് നിര്‍ദേശിക്കുക. ആളുകളെ മരിക്കാന്‍ അനുവദിക്കാനാവില്ല. കര്‍ശന നടപടിയെടുക്കാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്. അല്ലാത്തപക്ഷം ഡല്‍ഹിയില്‍ വന്‍ ദുരന്തമുണ്ടാകും- കേജരിവാള്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ ഡല്‍ഹിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടഞ്ഞതായും കേജരിവാള്‍ ആരോപിച്ചു. ട്രക്കുകള്‍ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായിരുന്നിട്ടും തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യം ഓക്സിജന്‍ പ്ലാന്റുകള്‍ ഏറ്റെടുക്കണം. ഇതിനുപുറമെ കോവിഡ് വാക്സിന്റെ വില ഏകീകരിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
