ചണ്ഡിഗഡ്: കോവിഡ് കാലത്തെ വിവാഹചടങ്ങുകളില്‍ കല്യാണവേഷത്തെപ്പോലെതന്നെ താരമായിരുന്നു വധുവിന്‍റെ മാസ്ക്. മാസ്കില്‍ വ്യത്യസ്തത കൊണ്ടുവന്നിരുന്ന വധുവരന്മാരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ മാസ്ക് ധരിക്കാത്തതിനാല്‍ വിവാഹദിനത്തില്‍ പിഴയടക്കേണ്ടി വന്നിരിക്കുകയാണ് ചണ്ഡിഗഡിലെ ഒരു യുവതിക്ക്. ഏറെ പണം ചെലവിട്ട് ചെയ്ത സ്പെഷ്യല്‍ മേയ്കപ് നാശമാകാതിരിക്കാന്‍ മാസ്ക് ധരിക്കാന്‍ തയ്യാറാകാത്തതിനാണ് പിഴ ഈടാക്കിയത്.
ചണ്ഡിഗഡിലെ സെക്ടര്‍ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് പോവുകയായിരുന്നു യുവതിയും ബന്ധുക്കളും. കാറിലുള്ള യുവതിയുടെ ബന്ധുക്കള്‍ എല്ലാവരും മാസ്ക് ധരിച്ചപ്പോള്‍ യുവതി വിസമ്മതിച്ചു. വാഹനപരിശോധനയ്ക്കിടെ പൊലീസ് യുവതിയെ മാസ്കില്ലാതെ കാണുകയായിരുന്നു.
മാസ്ക് ധരിക്കാതിരിക്കാനുള്ള യുവതിയുടെ വാദങ്ങളൊന്നും പൊലീസുകാര്‍ കേട്ടില്ല. ഒടുവില്‍ മാസ്ക് ധരിക്കാത്തതിന് സഹോദരന്‍ ആയിരം രൂപ പിഴയടച്ച ശേഷം മാസ്കു വപ്പിച്ചാണ് യുവതിയെ വിവാഹവേദിയിലേക്ക് പോവാന്‍ അനുവദിച്ചത്.
