വയനാട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ രണ്ടു കുട്ടികള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ ചികിത്സയിലായിരുന്ന രണ്ടുകുട്ടികള്‍ മരിച്ചു. രമേശ് ക്വാര്‍ട്ടേഴ്സില്‍ മുരുകന്റെ മകന്‍ മുരളി(16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്ബില്‍ ലത്തീഫിന്റെ മകന്‍ അജ്മല്‍(14) എന്നിവരാണ് മരിച്ചത്. മുരളിയെയും അജ്മലിനെയും കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റ കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ്(14) ചികിത്സയില്‍ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

വ്യാഴാഴ്ച കോട്ടക്കുന്ന് കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടു ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സ്‌ഫോടനം നടന്നത്.

ഫെബിന്റെ ബന്ധുവാണ് അജ്മല്‍. സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്കും ശരീരമാസകലം പൊള്ളലേറ്റിരുന്നു.

അപകടത്തിന് ഇടയാക്കിയത് വെടിമരുന്നാണെന്നാണ് നിഗമനം. വെടിമരുന്ന് തന്നെയാകാനാണ് സാധ്യതയെന്നും ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *