പാലക്കാട്: യുവനടന് ശ്രീജിത്ത് രവി വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജശേഖരനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്തത്. എസ് ഐ ഉള്‍പ്പെടെ മൂന്നുദ്യോഗസ്ഥര്ക്കെതിരെ വകുപ്പ്തല നടപടിയുമുണ്ടാവും. പൊലീസിന് വീഴ്ചയുണ്ടായെന്ന സബ് കലക്ടറുടെ റിപ്പോര്‍ട്ടാണ് സസ്പെന്‍ഷനിലേക്ക് നയിച്ചത്. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് സ്കൂള്‍ പ്രിന്സിപ്പളുടെ പരാതിപ്രകാരം പ്രാഥമികാന്വേഷണം നടത്താന്‍ സ്കൂളിലെത്തിയ രാജശേഖരന് തയ്യാറായില്ല. ആഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ അന്വേഷണം ആരംഭിക്കാന്‍ കാലതാമസം വരുത്തിയെന്നും പരാതിക്കാരോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കലക്ടറെ കണ്ട് പരാതി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സബ് കലക്ടറോട് റിപ്പോര്‍ട്ട് തേടിയത്.
