കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും ഇ.എം.സി.സി ഡയറക്ടറുമായ ഷിജു വര്‍ഗീസിന്‍റെ കാര്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാംഗമാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം സംഘം രക്ഷപ്പെട്ട കാര്‍ പൊലീസ് കണ്ടെത്തി.
കാര്‍ ആക്രമിച്ച സംഭവം നാടകമെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ഷിജു വര്‍ഗീസിനും പങ്കുണ്ടെന്നാണ് സൂചന. നാലു പേര്‍ ഉള്‍പ്പെട്ട സംഘമാണ് സംഭവത്തിന് പിന്നില്ലെന്നും പൊലീസ് പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ദിവസമാണ് ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്‍റെ കാറിന് നേരെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ അഞ്ചു മണിയോടെ കണ്ണനല്ലൂര്‍-കുണ്ടറ റോഡില്‍ പാലമുക്കിനും കുരീപ്പളളിയ്ക്കും ഇടയില്‍ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം.
സംഭവം നടന്നയുടന്‍ അതുവഴി വരികയായിരുന്ന കണ്ണനല്ലൂര്‍ എസ്.ഐ.സുന്ദരേശന്‍റെ നേതൃത്വത്തിലുള്ള സംഘം തീയണക്കുകയാണുണ്ടായത്. പിന്നാലെ വന്ന കാറില്‍ നിന്നാണ് ബോംബ് കത്തിച്ച് എറിഞ്ഞതെന്നാണ് കാറിലുണ്ടായിരുന്ന സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് പൊലീസിനോട് പറഞ്ഞത്.
അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആക്രമണമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. ആക്രമണം ഷിജു വര്‍ഗീസ് സ്വയം സംഘടിപ്പിച്ചതാണെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.
