കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ഹൈക്കോടതിക്ക് സമീപം ഇന്നലെ നടത്താനിരുന്ന ചടങ്ങിന്റെ വേദി മാറ്റിയത് ഭീകരാക്രമ ഭീഷണിയെ തുടര്‍ന്ന്. ഫ്രാന്‍സ് മോഡലില്‍ സമ്മേളനവേദിയില്‍ ഭീകരാക്രമണസാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരം കൈമാറിയതോടെയാണ് പൊലീസ് ഇടപെട്ട് സമ്മേളന നഗരി മാറ്റിയത്. തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ചടങ്ങ് നടന്നത്. സമ്മേളനവേദിയിലേക്ക് വാഹനം ഇടിച്ചു കയറ്റുമെന്ന സന്ദേശമാണ് കേരളപാലീസിന് കൈമാറിയത്. സുരക്ഷാ ഭാഗമായി അതിഥിയാവേണ്ടിയിരുന്ന രാഹുല്‍ ഈശ്വറിനെ പങ്കെടുക്കുന്നതില്‍ നിന്ന് പൊലീസ് വിലക്കി. മതസൗഹാര്‍ദ്ദം എന്ന വിഷയത്തിലായിരുന്നു ഹൈക്കോടതി പരിസരത്തെ കെട്ടിടത്തില്‍ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഐ എസ് ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇസ്‌ലാം വിശ്വാസികള്‍ക്കിടയില്‍ നിന്നുള്ള പ്രതിഷേധഭാഗമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മറ്റു മതനേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഈ ചടങ്ങിനെതിരെയാണ് തീവ്ര ചിന്താഗതിയുള്ള സംഘടന ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് കേരള പൊലീസിന് കേന്ദ്ര രഹസ്യാന്വേഷണ സംഘങ്ങള്‍ വിവരം കൈമാറിയത്. ഏറെ പരിഭ്രാന്തി സൃഷ്ടിക്കാതെയാണ് ചടങ്ങ് മറ്റൊരിടത്തേക്ക് മാറ്റിയതും കനത്ത സുരക്ഷ ഒരുക്കിയതും. നഗരത്തിലും കനത്ത സുരക്ഷയും പരിശോധനയും പൊലീസ് നടത്തിയിട്ടുണ്ട്.
