ുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി

കണ്ണൂര്‍: തളിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ(34) തിരോധാനം സംബന്ധിച്ച് നിരവധി കഥകള്‍ നാട്ടില്‍ പ്രചരിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ 11.30 ഓടെ ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കടുത്ത ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച ഇയാള്‍ കൊലചെയ്യപ്പെട്ടതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ബക്കളം കടമ്പേരി റോഡിലെ ഒരു സ്ഥാപനത്തിലെ സിസിടിവി കാമറ ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പരിശോധനകള്‍ നടന്നുവരികയാണ്. അതിനിടെ രജീഷിന്റെ ഗള്‍ഫിലേക്ക് കടന്ന ഒരു സുഹൃത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടവരടക്കം നൂറിലേറെ പേരെ അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തുകഴിഞ്ഞു. ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലചെയ്ത ശേഷം കിണറ്റില്‍ കൊണ്ടുവന്ന് തള്ളിയതായിട്ടാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ അഞ്ചിന് രാവിലെ 8.30ന് വീട്ടില്‍ നിന്നും ജോലി ചെയ്യുന്ന പറശിനിക്കടവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട രജീഷ് സ്‌കുളിലെത്തി ഒപ്പിട്ടുവെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. വൈകുന്നേരം ഒരു സുഹൃത്തിന്റെ മകളുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. പോലീസ് ആദ്യം നടത്തിയ അന്വേഷണത്തില്‍ കരിമ്പം ഫാമിന് പിറകിലെ മൊബൈല്‍ പോണ്‍ ടവറിന്റെ പരിധിയില്‍ രജീഷ് ഉള്ളതായി കണ്ടെത്തിയെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *