കൊച്ചി: മലയാറ്റൂര്‍ അടിവാരത്ത് ടൂറിസം സാധ്യതകള്‍ തേടി ജനപ്രതിനിധികളും ജില്ല കളക്ടറും പ്രദേശം സന്ദര്‍ശിച്ചു. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനൊരുങ്ങുന്ന മണപ്പാട്ടുചിറ നക്ഷത്രതടാകം പരിപാടിയുമായി ബന്ധപ്പെട്ടാണ് ജോസ് തെറ്റയില്‍ എം.എല്‍.എ., ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ പ്രദേശത്തെത്തിയത്. പ്രതിവര്‍ഷം 75 ലക്ഷം തീര്‍ഥാടകരെത്തുന്ന മലയാറ്റൂരിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും വിധത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ആലോചന. ഇതുസംബന്ധിച്ച വിശദമായ യോഗം ജനവരി ആദ്യവാരം നടത്താന്‍ ധാരണയായി. മൂന്നുകിലോമീറ്റര്‍ ചുറ്റളവുള്ള തടാകമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണകേന്ദ്രം. ഇതില്‍ പെഡല്‍ ബോട്ടിങ്, ഫ്‌ളോട്ടിങ് റസ്റ്റോറന്റുകള്‍, തടാകത്തിനു മുകളിലൂടെ മലകളുമായി ബന്ധിപ്പിപ്പ് കേബിള്‍ കാര്‍ എന്നിവ നടപ്പാക്കിയാല്‍ തീര്‍ഥാടന ടൂറിസത്തോടൊപ്പം വിനോദസഞ്ചാരമേഖലയും വികസിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. നക്ഷത്രതടാകം പദ്ധതിയുമായി ബന്ധപ്പെട്ട് ജി.സി.ഡി.എ. ചെയര്‍മാന്‍ മുന്നോട്ടുവച്ച ആശയം എം.എല്‍.എ.യും കളക്ടറും പിന്താങ്ങിയിട്ടുണ്ട്. അതിരപ്പള്ളി, കോടനാട്, മലയാറ്റൂര്‍ ജില്ല വിനോദ സഞ്ചാര പ്രചരണ സമതിയുടെ പാക്കേജ് ടൂര്‍ പരിപാടി സംഘടിപ്പിക്കുന്നത് ഉചിതമാകുമെന്ന് ജോസ് തെറ്റയില്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. ഇത് സ്ഥിരം സംവിധാനമായാല്‍ സാമ്പത്തികമായും മെച്ചപ്പെടാനാകും. ഇതിന്റെ ആദ്യഘട്ടമായി പ്രദേശത്ത് തുടങ്ങുന്ന പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം നക്ഷത്രതടാകം ഉദ്ഘാടന ദിനമായ 25ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാസൗകര്യ വികസനം മെച്ചപ്പെടുത്തേണ്ടത് പദ്ധതിയുടെ നിലനില്‍പ്പിന് ഏറെ അത്യാവശ്യമാണെന്ന് ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു. 110 ഏക്കറിലായി വികസിച്ചുകിടക്കുന്ന തടാകത്തിന്റെ ചുറ്റും റോഡുണ്ടെങ്കിലും ഇപ്പോള്‍ പലഭാഗവും സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്നതായി സംഘത്തിന് നേരില്‍ കാണാനുമായി. ഇവിടെ നടപ്പാത ഒരുക്കുന്നതിനൊപ്പം കുട്ടികള്‍ക്കായി ടോയ് ട്രെയിനും നടപ്പാക്കാനാകും. തീര്‍ഥാടക കാലം കഴിഞ്ഞാല്‍ കാര്യമായി ഈ ഭാഗത്തേക്ക് സഞ്ചാരികള്‍ വരുന്നില്ലെന്നതിന്റെ പോരായ്മ പരിഹരിക്കാന്‍ ഇത്തരത്തിലുള്ള പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കണമെന്നാണ് ഇവരുടെ കാഴ്ചപ്പാട്. തടാകത്തില്‍ സജ്ജമാക്കുന്ന 5015 നക്ഷത്രങ്ങള്‍ 25ന് പ്രകാശിച്ചു തുടങ്ങും. ഇതിന്റെ ഭാഗമായി ജനകീയ വികസന സമതിയുടെ നേതൃത്വത്തില്‍ 31വരെ പ്രത്യേക കാര്‍ണിവലും ഒരുക്കുന്നുണ്ട്. തടാകത്തിനു സമീപത്തായി സാന്താക്ലോസിന്റെ കൂറ്റന്‍ ശില്‍പ്പവും അണിഞ്ഞൊരുങ്ങുന്നുണ്ട്. മലയാറ്റൂര്‍ ജനകീയ വികസന സമതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍. മലയാറ്റൂര്‍ നിലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് അനിമോള്‍ ബേബി, ജില്ല പഞ്ചായത്തംഗം സാംസണ്‍ ചാക്കോ, ഫാ.സേവ്യര്‍ തേലേക്കാട്ട്, വില്‍സന്‍ മലയാറ്റൂര്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
