മലപ്പുറം: ഞാറു നടല്‍ യന്ത്രത്തില്‍ കയറി ചേറുനിറഞ്ഞ പാടത്തുകൂടി സൗദി പൗരന്‍ ഞാറു നടല്‍ യന്ത്രം ഓടിച്ചു നീങ്ങിയപ്പോള്‍ പാടവരമ്പത്ത് നാട്ടുകാര്‍ കൗതുകത്തോടെ നോക്കി നിന്നു. മലയാളികളായ സുഹൃത്തുക്കള്‍ക്കൊപ്പം കേരളം കാണാനെത്തിയ റിയാദിലെ വ്യവസായി ഇബ്രാഹിം അല്‍ മുബേരിക്ക് ആണ് കൃഷി രീതികള്‍ കണ്ടുപഠിക്കാന്‍ വയലിലിറങ്ങിയത്. കാര്‍ഷിക മേഖലയില്‍ മുന്നേറുന്ന കരുളായിയിലെ കൃഷികളും കൃഷിരീതികളും അദ്ദേഹം ചോദിച്ചറിഞ്ഞു.
റിയാദില്‍ വ്യവസായങ്ങളും മറ്റ് ബിസിനസുകളും ചെയ്യുന്ന ഇബ്രാഹിം വ്യാപകമായി കൃഷിയും നടപ്പാക്കുന്നുണ്ട്. തക്കാളി, സാലാഡ് കുക്കുമ്പര്‍, ബീന്‍സ് തുടങ്ങി ഒട്ടനേകം കൃഷികളാണ് ഇദ്ദേഹം റിയാദില്‍ ചെയ്യുന്നത്. കരുളായില്‍ റൈന്‍ഷെല്‍ട്ടറിലെ സാലട് വെള്ളരി കൃഷിയും നെല്‍കൃഷിയും മറ്റും കണ്ടു മനസിലാക്കിയാണ് ഇബ്രാഹിം മടങ്ങിയത്.
നെല്‍കൃഷി കാണാനായി എത്തിയപ്പോള്‍ കളം പാടശേഖരത്തില്‍ യന്ത്രമുപയോഗിച്ച് ഞാറ് നടീല്‍ നടക്കുകയായിരുന്നു. ഇവിടെയെത്തിയ ഇബ്രാഹിം ഞാറ് നടീല്‍ യന്ത്രത്തില്‍ കയറി ഞാറ് നടുന്ന രീതി നേരിട്ട് മനസിലാക്കുകയും ചെയ്യ്തു. രണ്ടു വര്‍ഷം മുമ്പ് ഇവിടെ വന്നപ്പോള്‍ ഇവിടുത്തെ കൃഷി രീതികള്‍ ഇഷ്ടമായിരുന്നെന്നും അവയെകുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും അറിയുന്നതിനുമായിട്ടാണ് താന്‍ വീണ്ടുമെത്തിയതെന്നും ഇബ്രാഹിം അല്‍ മുബേരിക്ക് പറഞ്ഞു. യന്ത്രമുപയോഗിച്ച് ഞാറ് നടുന്ന എം.കെ.എസ്.പിയിലെ തൊഴിലാളികള്‍ക്ക് സ്‌നേഹോപകാരവും നല്‍കിയാണ് അറബി കൃഷിയിടത്തില്‍ നിന്നും മടങ്ങിയത്. മലയാളി സുഹൃത്തുകളായ സലീം പിലാക്കല്‍ സിദ്ദീഖ് എന്നിവരുടെ കൂടെയാണ് ഇബ്രാഹിം കൃഷിയിടങ്ങളിലെത്തിയത്.
