അഭിഭാഷകരേയും ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അഭിഭാഷകരേയും അവരുടെ ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. നിലവില്‍ ഹൈക്കോടതിയുടെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമല്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടിക പുതുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനകം നടപടികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവരുടെ മുന്‍ഗണനാ പട്ടികയില്‍ 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ബാങ്ക് ജീവനക്കാരും മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരും ഉള്‍പ്പെടെയുള്ളവരെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹജ്ജ് തീര്‍ഥാടകര്‍, കിടപ്പ് രോഗികള്‍, പൊലീസ് ട്രെയിനി, പുറത്ത് ജോലി ചെയ്യുന്ന സന്നദ്ധ സേവകര്‍, മെട്രോ റെയില്‍ ജീവനക്കാര്‍, എയര്‍ ഇന്ത്യ ഫീല്‍ വര്‍ക്കേഴ്‌സ് തുടങ്ങിയവരാണ് പുതിയ പട്ടികയിലുള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 32 വിഭാഗക്കാര്‍ക്ക് പുറമെയാണിത്. കൂടാതെ ആദിവാസി മേഖലകളിലുള്ള 18 വയസിന് മുകളിലുള്ള എല്ലാവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യ വാക്‌സിനേഷന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളില്‍ നിയമപോരാട്ടം തുടരുകയാണെങ്കിലും 18 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ സംസ്ഥാന സര്‍ക്കാരുകളോ വ്യക്തികള്‍ സ്വന്തം നിലയ്‌ക്കോ ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തില്‍ കേരളം വാക്‌സിന് വേണ്ടി ആഗോള ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വന്‍തോതില്‍ വാക്‌സിന്‍ പണം മുടക്കി വാങ്ങാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിന്‍ എന്നിവയാണ് നിലവില്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍. സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്ത് ബുധനാഴ്ച 19,661 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്. 24 മണിക്കൂറിനിടെ 1,28,525 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി.

Leave a Reply

Your email address will not be published. Required fields are marked *